സംസ്ഥാനത്തൊട്ടാകെ നിരോധനാജ്ഞ ഇല്ലെന്ന് മന്ത്രി ചന്ദ്രശേഖരൻ, ആൾക്കൂട്ടം അനുവദിക്കില്ലെന്ന് ഡി ജി പി
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ നിരോധനാജ്ഞ ഇല്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ജില്ലയിലെ സാഹചര്യം നോക്കി ഇക്കാര്യത്തിൽ കളക്ടർമാർക്ക് ഇത്തരവിറക്കാം. ആരാധനാലയങ്ങളുടെ ഇളവുകളിലും കളക്ടർക്ക് വ്യക്തതവരുത്താമെന്നും മന്ത്രി പറഞ്ഞു. അതേസമയം പാർക്കിലും ബീച്ചിലും ആൾക്കൂട്ടം അനുവദിക്കില്ലെന്ന് ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്.കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നാളെ രാവിലെമുതൽ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.ഒരു സമയം അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ലെന്നതാണ് ഇതിലെ പ്രധാന നിർദ്ദേശം. അഞ്ചുപേരിൽ കൂടുതൽ പൊതുഇടങ്ങളിൽ കൂട്ടംകൂടിയാൽ ക്രിമിനൽ നടപടിച്ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. എന്നാൽ മരണം, വിവാഹച്ചടങ്ങുകൾ എന്നിവയ്ക്ക് നിലവിലെ ഇളവുകൾ തുടരും.തീവ്രബാധിത മേഖലകളിൽ കർശന നിയന്ത്രണങ്ങളായിരിക്കും ഏർപ്പെടുത്തുക. ജില്ലയിലെ സ്ഥിതി വിലയിരുത്തി ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ മജിസ്ട്രേറ്റുമാർക്ക് ആവശ്യമായ ക്രിമിനൽ നടപടികൾ സ്വീകരിക്കാം. ആവശ്യമെങ്കിൽ 144 ഉൾപ്പടെ പ്രഖ്യാപിക്കാമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ വിമർശിച്ച് കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ കോൺഗ്രസിന് ലംഘിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു ‘കണ്ടെയിൻമെന്റ് സോൺ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാൻ സർക്കാരിന് അവകാശമില്ല. സമരങ്ങൾ ഇല്ലായ്മ ചെയ്യാനുളള സർക്കാരിന്റെ ഗൂഢശ്രമമാണ് ഇത്.രോഗ വ്യാപനം എന്ന പേരിൽ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. ഈ തീരുമാനം തികച്ചും തെറ്റാണ്. 144 ലംഘിക്കുമ്പോൾ കേസ് എടുക്കുന്നെങ്കിൽ എടുക്കട്ടെ. കുറച്ച് മാസം കഴിഞ്ഞാൽ ആ കേസ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യും’- മുരളീധരൻ പറഞ്ഞു.