തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ പട്ടികയിൽ 2.71 കോടി വോട്ടർമാർ
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒരു അവസരം കൂടി.
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇന്നലെ പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ ആകെ 2,71,20,823 വോട്ടർമാർ.1,29,25,766 പുരുഷന്മാർ,1,41,94,775 സ്ത്രീകൾ, 282 ട്രാൻസ്ജെൻഡറുകൾ. ആഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 2.62 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. അന്തിമ പട്ടികയിലെ വോട്ടർമാരുടെ എണ്ണം പരിശോധിച്ച് ആവശ്യമെങ്കിൽ പുതിയ പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ അറിയിച്ചു. പുതുതായി സ്ഥാപിക്കുന്ന പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ സൗകര്യാർത്ഥം പുന:ക്രമീകരണം വരുത്തും. അന്തിമ വോട്ടർപട്ടിക 15ന് മുമ്പ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകും. പട്ടികയിൽ ഇനിയും പേര് ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായ വോട്ടർമാർക്ക് പേര് ചേർക്കുന്നതിന് തിരഞ്ഞെടുപ്പിന് മുമ്പ് ഒരവസരം കൂടി നൽകും.