നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല, ഉത്തരവ് ലംഘിക്കും
കേസെടുത്താൽ നേരിടും, കെ.മുരളീധരൻ
കോഴിക്കോട്: കണ്ടെയിൻമെന്റ് അല്ലാത്തയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അവകാശം സർക്കാരിനില്ലെന്നും ലംഘിക്കേണ്ടി വരുമെന്നും കെ.മുരളീധരൻ എം.പി. കോവിഡ് രാജ്യത്ത് എല്ലായിടത്തുമുണ്ട്. എന്നാൽ ഇതിന്റെ പേരിൽ സർക്കാരിനെതിരായി ഉയർന്ന് വരുന്ന സമരത്തെ ഇല്ലാതാക്കുന്നതിനുള്ള വഴി ആയിട്ടാണ് 144 പ്രഖ്യാപിച്ചതെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.
കണ്ടെയിൻമെന്റ് സോണിൽ ഒരു തരത്തിലുള്ള സമരവുമുണ്ടാവില്ല. നിലവിലെ കേന്ദ്ര നിർദേശ പ്രകാരം കണ്ടെയിൻമെന്റ് സോൺ അല്ലാത്തയിടങ്ങളിൽ നൂറുപേരെ പങ്കെടുപ്പിച്ച് പരിപാടി നടത്താം. തുറന്ന സ്ഥലത്ത് 200 പേരെ വരെ വെച്ചും പരിപാടി നടത്താം. അത്തരം പരിപാടികൾ ഉണ്ടാവുമെന്നും കെ.മുരളീധരൻ പറഞ്ഞു.
കേസ് വന്നാൽ ഞങ്ങൾ നോക്കിക്കോളാം. ദിവസങ്ങൾ ഓരോ സഖ്യങ്ങൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. കള്ളക്കടത്തുകാരിലും കരിഞ്ചന്തക്കാരിലുമാണ് എൽ.ഡി.എഫിന് രക്ഷ എന്നാണ് പുതിയ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടുവള്ളിയിലെ മുനിസിപ്പല്‍ കൗൺസിലറുടെ അറസ്റ്റ്. കൂടുതൽ വെളിപ്പെടുത്തലുകൾ പലരിൽ നിന്നും വരുന്നു. അങ്ങനെയാവുമ്പോൾ മാർക്സിസ്റ്റ് പാർട്ടിക്കാർ കൂടുതൽ പ്രതിക്കൂട്ടിലാവാൻ സാധ്യതയുണ്ട്. സ്വപ്ന സുരേഷിൽ നിന്നും ഫോൺ വാങ്ങേണ്ട ഗതികേടെന്നും കോൺഗ്രസുകാർക്കില്ലെന്നും ഫോൺ ആരോപണത്തിൽ കഴമ്പില്ലെന്നും മുരളി പറഞ്ഞു.