അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഉടന്‍ തന്നെ ക്വാറന്റൈനില്‍ പ്രവേശിക്കുമെന്ന് അറിയിച്ചു. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് പോസിറ്റീവ് ആണ്.
നേരത്തെ ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യഉപദേഷ്ടാക്കളില്‍ ഒരാളായ ഹോപ് ഹിക്സിനാണ് രോഗം സ്ഥിരീകരിച്ചിരിന്നു.
വ്യാഴാഴ്ചയോടെ ഹിക്സിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.
ട്രംപിനോടൊപ്പം എല്ലാ യാത്രകളിലും പങ്കെടുത്ത ആളാണ് ഹിക്സ്. എയര്‍ഫോഴ്സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാളുകൂടിയാണ് ഹിക്സ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഒഹിയോയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലും ഹിക്സ് എത്തിയിരുന്നു. ചൊവ്വാഴ്ച ക്ലീവ്ലന്ഡില് നടന്ന സംവാദ പരിപാടിയില്‍ ഹോപ് ഹിക്സ് പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.
ഹിക്സിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ട്രംപിനെയും കൊവിഡ് ടെസ്റ്റിന് വിധേയനാക്കുകയായിരുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുളള അമേരിക്കയില്‍ ഇതുവരെ 7,494,591 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 212,660 പേര് മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം നാല്പത്തിയേഴ് ലക്ഷം കടന്നു. ബ്രസീലില്‍ ഇതുവരെ 4,849,229 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് 144,767 പേര് മരിച്ചു. 4,212,772 പേര് രോഗമുക്തി നേടി.