‘ഫോണെന്നല്ലേ പറഞ്ഞുള്ളൂ ഗോള്‍ഡ് എന്നെങ്ങാന്‍ പറഞ്ഞിരുന്നെങ്കില്‍ വലിയ പ്രശ്നമായിപ്പോയേനെ’; പരിഹസിച്ചും നിഷേധിച്ചും ചെന്നിത്തല,
സന്തോഷിനെ കണ്ടിട്ടുപോലുമില്ല.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വഴി ഫോണ്‍ നല്‍കിയെന്ന യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ വീണ്ടും നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യില്‍ ഉള്ളതെന്നും ഇന്നുവരെ ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് ചെന്നിത്തല പറഞ്ഞു.
യു.എ.ഇ ദേശീയ ദിനാചരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അങ്ങനെയൊരു ഐഫോണ്‍ തന്നിട്ടുമില്ല, വാങ്ങിയിട്ടുമില്ല. ഉന്നയിക്കുന്നത് വില കുറഞ്ഞ ആരോപണങ്ങളാണ്. ഫോണന്നെല്ലേ പറഞ്ഞുള്ളു, ഗോള്‍ഡെന്ന് പറഞ്ഞില്ലല്ലോ, അങ്ങനെ പറഞ്ഞിരുന്നേല്‍ വലിയ പ്രശ്മായി പോയേനെ എന്നും ചെന്നിത്തല പരിഹസിച്ചു. സന്തോഷ് ഈപ്പന് എന്ന് പറയുന്നയാളെ കണ്ടിട്ട് പോലുമില്ല. തനിക്ക് എന്ന പേരില്‍ ഫോണ്‍ വാങ്ങി മറ്റാര്‍ക്കെങ്കിലും കൊടുത്തതാകാം. സന്തോഷ് ഈപ്പന്റെ വെളിപെടുത്തലില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
ഉത്തരവാദിത്വത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവര്ക്കെതിരെ നടത്തുന്ന ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ നല്കിയ ഹരജിയിലായിരുന്നു ചെന്നിത്തലയ്ക്ക് ഫോണ്‍ വാങ്ങി നല്കിയ കാര്യം വെളിപ്പെടുത്തിയത്.
ലൈഫ് മിഷന് ഫ്ളാറ്റുകളുടെ കരാര്‍ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണുകളും കമ്മിഷന് ഇനത്തില്‍ സ്വപ്നയ്ക്ക് കൈമാറിയിരുന്നു എന്നായിരുന്നു നിര്‍മാണക്കമ്പനിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍.
സ്വപ്ന ആവശ്യപ്പെട്ടത് പ്രകാരമാണ് അഞ്ച് ഐഫോണുകള്‍ വാങ്ങിയെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് കൊടുത്തെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സന്തോഷ് ഈപ്പന് പറഞ്ഞിരുന്നു. ഫോണ്‍ വാങ്ങിയതിന്റെ ബില്ലും കോടതിയില്‍ ഹാജരാക്കിയിരുന്നു.
2019 ഡിസംബര്‍ രണ്ടിന് നടന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. ഈ ചടങ്ങില്‍ വെച്ചാണ് ഫോണ്‍ കൈമാറിയതെന്ന് സന്തോഷ് ഈപ്പന് പറയുന്നു. നവംബര്‍ 29 നാണ് കൊച്ചിയിലെ ഷോപ്പിങ് സെന്ററില്‍ നിന്ന് ഫോണ്‍ വാങ്ങിയതെന്നാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ലൈഫ് മിഷന് ഇടപാടില്‍ ക്രമക്കേട് ആരോപിച്ച സി.ബി.ഐ ആരംഭിച്ച അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹരജിയില്‍ ആണ് വെളിപ്പെടുത്തല്‍. സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള വിഷയത്തില്‍ അന്വേഷണം നടത്തുന്നത്തില്‍ നിന്ന് സി.ബി.ഐയെ വിലക്കണം എന്നാണ് സന്തോഷ് ഈപ്പന് ഹരജിയില്‍ ആവശ്യപ്പെടുന്നത്.
ഇതിന് പുറമെ 2019 ഓഗസ്റ്റ് രണ്ടിന് യു.എസ് ഡോളറായി 3.80 കോടി രൂപ യു.എ.ഇ. കോണ്‍സുലേറ്റിലെ സാമ്പത്തികവിഭാഗം തലവന്‍ ഈജിപ്ഷ്യന്‍ പൗരന് ഖാലിദിന് നല്‍കിയെന്നും തിരുവനന്തപുരം കവടിയാറുള്ള കോഫി ഷോപ്പില്‍ വെച്ചാണ് തുക കൈമാറിയതെന്നും സന്തോഷ് ഈപ്പന് പറയുന്നുണ്ട്.
കൂടാതെ ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഇസോമോ ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് 68 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യ്തിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു.
സ്വപ്ന മുഖേന യു.എ.ഇ. കോണ്‍സുലേറ്റ് ആവശ്യപ്പെട്ടപ്രകാരമാണ് കമ്മിഷന് നല്‍കിയത്. വടക്കാഞ്ചേരിയിലെ പദ്ധതിക്കൊപ്പം ഭാവിയിലും പദ്ധതിയുടെ കരാര്‍ കിട്ടുമെന്ന പ്രതീക്ഷയാണ് നടപടിക്ക് പിന്നിലെന്നും ഹരജിയില്‍ അവകാശപ്പെടുന്നു.