രാജ്യത്ത് കോവിഡ് മരണം ഒരു ലക്ഷത്തിലേക്ക്; രോഗമുക്തര്‍ 52.73 ലക്ഷം കടന്നു, പ്രതിദിന മരണം ആയിരത്തിലേറെ.
ന്യൂഡല്‍ഹി:
രാജ്യത്ത് കോവിഡ് മരണങ്ങള് ഒരു ലക്ഷത്തോടടുത്തു. യുഎസിലും ബ്രസീലിലും മാത്രമാണ് കോവിഡ് മരണങ്ങള് ഒരു ലക്ഷം കടന്നിട്ടുള്ളത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇന്ത്യയില്‍ ആയിരത്തിലേറെ പ്രതിദിന കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ടുചെയ്യുന്നത്. 24 മണിക്കൂര്‍ കാലയളവില്‍ 1181 പേര് കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 40 ശതമാനം മരണം മഹാരാഷ്ട്രയിലാണ്. 481 പേര് മഹാരാഷ്ട്രയില്‍ മരിച്ചു. കര്‍ണാടക- 87, യുപി- 69, തമിഴ്നാട്- 67, ബംഗാള്‍- 59, ആന്ധ്ര- 48, പഞ്ചാബ്- 47, ഡല്‍ഹി- 41, ഛത്തിസ്ഗഢ്-41, മധ്യപ്രദേശ്- 35 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ മരണങ്ങള്.
മാര്‍ച്ച് 13 നാണ് രാജ്യത്ത് ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ടുചെയ്തത്. തുടര്‍ന്ന് 125 ദിവസമെടുത്ത് ജൂലൈ 16 ന് കോവിഡ് മരണം കാല് ലക്ഷത്തിലെത്തി. 30 ദിവസം കൂടിയെടുത്ത് ആഗസ്ത് 15 ന് മരണം അരലക്ഷമായി. തുടര്‍ന്ന് 25 ദിവസമെടുത്ത് സെപ്തംബര്‍ 09 ന് മുക്കാല്‍ ലക്ഷമെത്തി.
രാജ്യത്ത് കോവിഡ് കേസുകള്‍ 64 ലക്ഷത്തോടടുത്തു. 24 മണിക്കൂറില്‍ 86821 പേര് കൂടി രോഗബാധിതരായി. 85376 പേര് രോഗമുക്തരായി. ആകെ രോഗമുക്തര്‍ 52.73 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 83.53 ശതമാനത്തിലെത്തി. നിലവില്‍ കോവിഡ് ചികില്‍സയിലുള്ള 9.41 ലക്ഷം പേരാണ്. കഴിഞ്ഞ പത്ത് ദിവസമായി ചികില്‍സയിലുള്ളവരുടെ എണ്ണം 10 ലക്ഷത്തില്‍ താഴെയാണ്.
മഹാരാഷ്ട്ര, ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങള്‍ അടച്ചിടല്‍ ഒക്ടോബര്‍ 31 വരെ നീട്ടി. ഈ മാസം അവസാനം വരെ സ്കൂളുകള്‍ അടച്ചിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബംഗാളില്‍ തൃണമൂല്‍ എംഎല്‍എ ഗുരുപദ മിതി കോവിഡ് ബാധിച്ച് മരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു.