കേരളത്തിൽ സ്ഥിതി അതീവ ഗുരുതരം; ഇനി കോവിഡ് സൂപ്പര്‍ സ്പ്രെഡ്; വീടുകളിലും മരണമുണ്ടായേക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സൂപ്പര്‍ സ്പ്രെഡ് ഉണ്ടായേക്കുമെന്നും വീടുകളിൽ മരണം ഉണ്ടായേക്കുമെന്ന നിഗമനത്തില്‍ ആരോഗ്യ വകുപ്പ് എത്തിയതായി അഴിമുഖം ഓൺലൈൻ ന്യൂസ് പുറത്തുവിട്ട റിപ്പോർട്ട്. ദിനംപ്രതി രോഗികളാവുന്നവരുടെ എണ്ണം അടുത്തു തന്നെ പതിനായിരം കടന്നേക്കും. രോഗലക്ഷണങ്ങളുള്ളവരെ മാത്രം പരിശോധിച്ചിട്ടും രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് ആപത് സൂചനയെന്ന് ഡോക്ടര്‍മാരും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആള്‍ക്കൂട്ട നിരോധനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ സ്പ്രെഡിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍.
സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. രണ്ട് ദിവസമായി എണ്ണായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവയില്‍ 95 ശതമാനത്തിലധികം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വ്യാഴാഴ്ച 8135 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. 7013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്ന് ആരോഗ്യവകുപ്പ്. 71,339 പേര് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ട് എന്നതാണ് ഔദ്യോഗിക കണക്ക്. ഈ സാഹചര്യത്തിലാണ് ഒക്ടോബര്‍ മൂന്നാം തീയതി മുതല്‍ അഞ്ച് പേര് ഒത്ത് കൂടുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സിആര്‍പിസി 144 പ്രകാരമാണ് ഉത്തരവ്. പ്രാദേശിക സാഹചര്യം വിലയിരുത്തി ജില്ലാ കളക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാം. വിവാഹത്തിന് അമ്പത് പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാം എന്നതൊഴിച്ചാല്‍ മറ്റെല്ലാ ആള്‍ക്കൂട്ടങ്ങളേയും നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഏഴ് ദിവസത്തെ ക്വാറന്റൈന് പൂര്‍ത്തിയാക്കുന്നവര്‍ക്കും എട്ടാം ദിവസം പരിശോധനയ്ക്ക് വിധേയമാകാം. ‘പോസിറ്റീവ് കേസുകള്‍ കണ്ടെത്തുക എന്ന സാഹചര്യം കേരളത്തില്‍ ഇനി ആവശ്യമില്ല. അങ്ങനെ കണ്ടെത്തുന്നത് കൊണ്ട് പ്രയോജനവും ഇല്ല. സമൂഹത്തില്‍ അത്രത്തോളം രോഗം വ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് വേണ്ട ചികിത്സ ലഭ്യമാക്കുക എന്നത് മാത്രമാണ് നിലവില്‍ സംസ്ഥാനത്തിന് ചെയ്യാനാവുന്നത്. അതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ മാത്രമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്’, കണ്ണൂരിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിലെ ഡോക്ടര്‍ പറഞ്ഞു. ക്വാറന്റൈന് പൂര്‍ത്തിയാക്കുന്നവര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും മാത്രമാണ് പരിശോധന എന്നിരിക്കെ കോവിഡ് നിരക്കില്‍ വരുന്ന വര്‍ധനവ് ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. രോഗ വ്യാപനം രൂക്ഷമായിരിക്കുന്ന അവസ്ഥയില്‍ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ കൂടി നടപ്പിലാവുന്നതോടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക് നീളുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. രോഗലക്ഷണങ്ങള്‍ ഉള്ള കോവിഡ് രോഗികളെ പോലും ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. കിടക്കകളുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും കുറവ് രൂക്ഷമാണ്. കോവിഡ് ചികിത്സാ കേന്ദ്രങ്ങളെല്ലാം നിറഞ്ഞിരിക്കുന്നതിനാല്‍ രോഗ ലക്ഷണങ്ങളുള്ള രോഗികളെയും ഹോം ഐസൊലേഷനില്‍ വിടേണ്ടതായി വരുന്നു. ‘ഇപ്പോള്‍ തന്നെ കൈവിട്ട അവസ്ഥയാണ്. നിയന്ത്രണങ്ങള്‍ ഇല്ലാതെ പോയാല്‍ വരും ദിവസങ്ങളില്‍ തന്നെ സൂപ്പര്‍ സ്പ്രെഡിലേക്കാവും രോഗവ്യാപനം കടക്കുക. അവശ്യത്തിന് സംവിധാനങ്ങളില്ലാത്തതിനാല്‍ ആ സ്റ്റേജ് സംസ്ഥാനത്തിന് ഭീഷണിയാണ്. ഇപ്പോള്‍ തന്നെ സി കാറ്റഗറിയിലുള്ളവരെ പോലും ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത സാഹചര്യമുണ്ട്. എഴുപത് വയസ്സ് കഴിഞ്ഞ കോവിഡ് രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റാന്‍ നാല് ദിവസങ്ങള്‍ കഴിയേണ്ടി വന്നു. അവര്‍ക്ക് പ്രമേഹ രോഗമുണ്ട്. ഹൃദ്രോഗിയുമാണ്. അതീവ ഗുരുതര കാറ്റഗറിയിലുള്ള അവരെ പോലും നാല് ദിവസം ഹോം ഐസൊലേഷനില്‍ വിട്ടു. അതിന് ശേഷമാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായത്. ഈ അവസ്ഥ സംസ്ഥാനത്തിന്റെ പലയിടത്തും ഉണ്ട്’, മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന ഡോക്ടര്‍മാരിലൊരാള്‍ പറയുന്നു.
രാജ്യത്ത് തന്നെ കോവിഡ് ബാധ ഏറ്റവും തീവ്രമായിരിക്കുന്നത് കേരളത്തിലാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠനം ഉണ്ടായിരുന്നു. കേരളത്തിലെ രോഗ വര്‍ധന തോത് (മൂവിങ് ഗ്രോത്ത് റേറ്റ്- എംജിആര്‍) ദേശീയ ശരാശരിയിലും ഇരട്ടിയാണെന്നും പഠനം പറയുന്നു. ദിവസേന അമ്പതിനായിരം പരിശോധനകള്‍ മാത്രം ചെയ്യുമ്പോഴാണ് കേരളത്തില്‍ എണ്ണായിരത്തിലധികം കോവിഡ് രോഗികളുണ്ടാവുന്നത്. 15 ശതമാനമാണ് പോസിറ്റിവിറ്റി റേറ്റ് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഗുരുതരാവസ്ഥ മുന്നില്‍ കണ്ട് ബ്ലോക്ക് തലത്തില്‍ കണ്ട്രോള് റൂമുകള്‍ ആരംഭിക്കാനാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന ബി കാറ്റഗറി രോഗികള്‍ക്കും അതീവ ഗുരുതര കാറ്റഗറിക്കാര്‍ക്കും ചികിത്സ ഉറപ്പാക്കുന്ന തരത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. താല്‍ക്കാലികമായെങ്കിലും ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്നും അവര്‍ പറയുന്നു. ‘അല്ലാത്തപക്ഷം ഉറപ്പായിട്ടും ഇപ്പോഴത്തെ സ്ഥിതിയില്‍ കുറേ പേരുടെ മരണം വീടുകള്‍ക്കുള്ളില്‍ തന്നെ നടക്കും. സംസ്ഥാനത്തുള്ള സംവിധാനങ്ങള്‍ക്ക് താങ്ങാനോ മോണിറ്റര്‍ ചെയ്യാനോ കഴിയാത്ത തരത്തില്‍ കാര്യങ്ങള്‍ എത്തും മുന്നെ ഏറ്റവും ഗുരുതരമായ അവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതാണ്. സ്ഥിരമായി സര്‍ക്കാര്‍ സംവിധാനങ്ങളോട് മീറ്റിങ്ങുകളില്‍ ആവശ്യപ്പെടുന്ന കാര്യവും ഇതാണ്’, കോഴിക്കോട് ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ഡോക്ടര്‍ പ്രതികരിച്ചു.
സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നടപ്പാക്കിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി കോവിഡ് രോഗ വ്യാപനത്തിന്റെ വേഗത കുറക്കാനായി. ഇത്തരത്തില്‍ വേഗത കുറച്ച് മരണ നിരക്ക് പിടിച്ച് നിര്‍ത്തുക എന്നതായിരുന്നു രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടം മുതല്‍ ആരോഗ്യവകുപ്പിന്റെ ശ്രമം. എന്നാല്‍ സൂപ്പര്‍ സ്പ്രെഡിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോള്‍ ഇനി ചെയ്യാനാവുന്നത് ശക്തമായ നിയന്ത്രണങ്ങളും ചികിത്സാ സംവിധാനങ്ങളും ഏര്‍പ്പെടുത്തുക എന്നത് മാത്രമാണെന്നും അവര്‍ പറയുന്നു.