കോവിഡ് വ്യാപനം: സംസ്ഥാനത്ത് അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കി ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തില്‍ അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് വിലക്കേര്‍പ്പെടുത്തി ഉത്തരവായി. ശനിയാഴ്ച പകല്‍ ഒന്‍പത് മുതല്‍ ഒക്ടോബർ 31 വരെയാണ് വിലക്ക്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം. ജില്ലാ കലക്ടര്‍മാര്‍ക്ക് അതത് ജില്ലകളിലെ സാഹചര്യത്തിന് അനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കാം.
വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരും. അതിതീവ്രവ്യാപന മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
പ്രതിരോധം ശക്തമാക്കി സര്‍ക്കാര്‍
കോവിഡ് വ്യാപനം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതി സങ്കീര്‍ണമായ ജില്ലകളില്‍ പ്രതിരോധ, നിയന്ത്രണ സംവിധാനങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ചികിത്സയും നിരീക്ഷണവും ഏകോപിപ്പിക്കുന്നതിനായി കോവിഡ് ജാഗ്രത ഐഡി നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പോസിറ്റീവ് ആകുന്ന എല്ലാ രോഗികളും ചുമതലയുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍നിന്ന് ജാഗ്രത ഐഡി വാങ്ങി സൂക്ഷിക്കണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിg ഇന്‍ഷുറന്‍സ് ലഭ്യമാകുന്നതിനും കോവിഡ് ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നതിനും കോവിഡ് ജാഗ്രത ഐഡി നിര്‍ബന്ധമാണ്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയെ മലപ്പുറം ജില്ലയിലെ രണ്ടാമത്തെ കോവിഡ് പ്രത്യേക ആശുപത്രിയാക്കി മാറ്റിയതായും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളത്ത് കൊറോണ ഫ്ലൈയിങ് സ്ക്വാഡ്
എറണാകുളത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി താലൂക്ക്, തദ്ദേശസ്ഥാപന തലങ്ങളില്‍ കൊറോണ ഫ്ലൈയിങ് സ്ക്വാഡ് രൂപീകരിക്കും. കൊച്ചി കോര്പറേഷന് പരിധിയില്‍ എട്ട് സിഎഫ്എല്‍ടിസികള്‍ കൂടി ആരംഭിക്കും. രോഗവ്യാപനം രൂക്ഷമായ പശ്ചിമകൊച്ചിയില്‍ മൂന്ന് സിഎഫ്എല്‍ടിസികളാണ് പുതുതായി ആരംഭിക്കുക.
കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി പ്രവർത്തനം തുടങ്ങി. ഇവിടെ നൂറുപേർക്ക് ചികിത്സ ലഭ്യമാക്കും. കോവിഡ് ബാധിച്ച ഗർഭികളെ ചികിൽസിക്കാൻ പ്രത്യേക സൗകര്യം ഉണ്ട്.