രാഹുല്‍ ഗാന്ധിയെ തള്ളിവീഴ്ത്തി യു.പി. പോലീസ്; മര്‍ദിച്ചതായും പരാതി .രാജ്യമെങ്ങും പ്രതിഷേധം.
ന്യൂഡൽഹി: ഹത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ കായികമായി നേരിട്ട ഉത്തർപ്രദേശ് പോലീസിനെതിരെ രാജ്യമെങ്ങും വ്യാപക പ്രതിഷേധം. ഉത്തർപ്രദേശ് പോലീസ് രാഹുൽ ഗാന്ധിയെ നിലത്തേക്ക് തള്ളിയിട്ട് ലാത്തികൊണ്ട് മർദിച്ചതായും രാഹുൽ ആരോപിച്ചു.
വാഹനവ്യൂഹം പോലീസ് തടഞ്ഞതിനെ തുടർന്ന് ഹത്രാസിലേക്ക് പ്രവർത്തകർക്കൊപ്പം രാഹുലും പ്രിയങ്കയും കാൽനടയായിട്ട് നീങ്ങവെയാണ് യമുന ഹൈവേയിൽ വച്ച് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
പ്രിയങ്ക ഗാന്ധിയും രാഹുലും ഹത്രാസ് സന്ദർശനത്തിനെത്തുന്നുണ്ടെന്ന വിവരം ലഭിച്ചത് മുതൽ സർവ്വ സന്നാഹവുമായി അതിർത്തിയിൽ നിലയുറപ്പിച്ചിരുന്നു യുപി പോലീസ്. ഹത്രാസിൽ രാവിലെ മുതൽ തന്നെ ബാരിക്കേഡുകൾ വച്ച് റോഡുകൾ അടച്ചിട്ടിരുന്നു. മാധ്യമപ്രവർത്തകർക്കടക്കം പ്രവേശനം അനുവദിച്ചിരുന്നില്ല.
ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ വച്ചാണ് കോൺഗ്രസ് നേതാക്കളെ ആദ്യം തടയാൻ ശ്രമിച്ചത്. പ്രവർത്തകർ പ്രതിഷേധിച്ചതോടെ അവിടെനിന്ന് വാഹനവ്യൂഹം കടത്തിവിട്ടു. പിന്നീട് ഗ്രേറ്റർ നോയിഡയിൽ വച്ചാണ് തടഞ്ഞത്. എന്നാൽ വാഹനങ്ങൾ അവിടെ പാർക്ക് ചെയ്ത ശേഷം രാഹുലും പ്രിയങ്കയും പ്രവർത്തകർക്കൊപ്പം കാൽനടയായി ഹത്രാസിലേക്ക് നീങ്ങി. യമുന ഹൈവേയിലൂടെയായിരുന്നു യാത്ര. ഇതിനിടെ വീണ്ടും യുപി പോലീസെത്തി തടഞ്ഞു.
പോലീസുകാരെ വകഞ്ഞുമാറ്റി രാഹുൽ ഗാന്ധി വീണ്ടും മുന്നോട്ട് നീങ്ങി. ഉന്തുതള്ളുമുണ്ടായി. രാഹുലിനെ പോലീസ് കായികമായി തന്നെ നേരിട്ടു. അദ്ദേഹത്തെ തള്ളിവീഴ്ത്തി മുന്നോട്ടേക്ക് നീങ്ങാൻ അനുവദിച്ചില്ല. പ്രവർത്തകരെ ലാത്തിചാർജ് ചെയ്യുകയുമുണ്ടായി. ഒരു ഭാഗത്ത് പോലീസ് ലാത്തിചാർജ് നടത്തുമ്പോഴും രാഹുൽ പ്രിയങ്കയും മുന്നോട്ടേക്ക് പോയികൊണ്ടിരുന്നു. ഒടുവിൽ ഇരുവരേയും പോലീസ് പ്രതിരോധ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് മറികടക്കാൻ ആരേയും അനുവദിക്കില്ലെന്ന് നോയിഡ എഡിജിപി രൺവിജയ് സിങ് പറഞ്ഞു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ചോദിച്ച രാഹുലിനോട് ഐപിസി 188 പ്രകാരമാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു.