കസ്റ്റംസ് പിടിയിലായ ഫൈസല്‍ ബന്ധുവല്ല, തന്നെ കൊല്ലാന്‍ ശ്രമിക്കുന്ന ലീഗുകാര്‍ ഇതിനപ്പുറവും പറയും.
കാരാട്ട് റസാഖ്
എം എൽ എ
താമരശ്ശേരി: കൊടുവള്ളിയിലെ ലീഗ് പ്രവര്‍ത്തകര്‍ തന്നെ കൊല്ലാന്‍ നടക്കുന്നവരാണെന്നും ഇതിലും വലിയ ആരോപണം ഉന്നയിക്കുമെന്നും കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത നഗരസഭാ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ തന്റെ ബന്ധുവല്ല. കൗണ്‍സിലര്‍ എന്ന ബന്ധം മാത്രമാണുള്ളത്. തന്നെ ഇല്ലാതാക്കാനാണ് ലീഗ് ശ്രമമെന്നും കാരാട്ട് റസാഖ് പറഞ്ഞു.
ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് പറയണം. കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോള്‍ അവരാണ് താനുമായി ബന്ധമുണ്ടോയെന്ന് പറയേണ്ടത്. അല്ലാതെ ലീഗുകാരല്ലന്നും കാരാട്ട് റസാഖ് മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. തന്നെ വധിക്കാന്‍ ലീഗുകാര്‍ ഗൂഢാലോചന നടത്തുന്നത് കൊണ്ട് പോലീസ് കാവലിലാണ് തന്റെ യാത്ര. അപ്പോള്‍ ഇത്തരം ആരോപണങ്ങളില്‍ അത്ഭുതമില്ല. കോടിയേരി ബാലകൃഷ്ണന്റെ മകനുമായി തനിക്ക് ബന്ധമുണ്ടെന്നൊക്കെയാണ് പറയുന്നത്. അദ്ദേഹത്തെ തനിക്ക് അറിയുക പോലുമില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു