നൃത്തം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചു; കുത്തിയിരിപ്പ് പ്രതിഷേധവുമായി കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ,
ജാതി വിവേചന മെന്ന് ആക്ഷേപം.
തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്റെ കുത്തിയിരിപ്പ് സമരം. അക്കാദമിയ്ക്ക് മുന്നിലുളള സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തെത്തി. അക്കാദമി സെക്രട്ടറി തന്നോട് ജാതിവിവേചനം കാണിക്കുന്നുവെന്നാരോപിച്ച് രാമകൃഷ്ണന് മുഖ്യമന്ത്രിക്ക് പരാതി നല്കി.
കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസമാണ് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ‘രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ അവസരം തരികയാണെങ്കിൽ ധാരാളം വിമർശനങ്ങൾ ഉണ്ടാകും. ഞങ്ങൾ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും’; എന്നിങ്ങനെയാണ് അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തന്നോട് പറഞ്ഞതെന്ന് ആര്‍എല്‍വി രാമകൃഷ്ണന് പറഞ്ഞു. എന്നെപ്പോലെ പട്ടികജാതി വിഭാഗത്തിൽ പെട്ട ഒരാൾക്ക് അവസരം നൽകില്ല എന്ന ധാർഷ്ട്യമാണ് അദ്ദേഹത്തെക്കൊണ്ട് ഇത്തരമൊരു പ്രവർത്തി ചെയ്യിച്ചതെന്ന് ആര്‍എല്‍വി രാമകൃഷ്ണന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു.