പെരിയ ഇരട്ടക്കൊല: സിബിഐക്ക് ഫയല്‍ നല്‍കില്ലെന്ന് വീണ്ടും സര്‍ക്കാര്‍; കോടതിയില്‍ ഏറ്റുമുട്ടൽ
കൊച്ചി :പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐയും സർക്കാരും തമ്മിൽ ഹൈക്കോടതിയിൽ ഏറ്റുമുട്ടി. ഏഴു തവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി ഉൾപ്പടെയുള്ള രേഖകൾ ക്രൈംബ്രാഞ്ച് കൈമാറാത്ത സാഹചര്യത്തിലാണ് സിബിഐ സർക്കാരിനെതിരെ കടുത്ത നിലപാടെടുത്തത്. പെരിയ കൊലക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കേസിന്റെ വിജിലൻസ് ഡയറി കൈമാറുന്നില്ലെന്നും അന്വഷണവുമായി മുന്നോട്ടു പോകാൻ സാധിക്കുന്നില്ലെന്നും കോടതിയെ അറിയിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ ഹർജിയിൽ വിധി പറയുന്നതിന് കോടതി മാറ്റിവച്ചു.
എന്നാൽ പെരിയ കേസിന്റെ കേസ് ഡയറി തൽക്കാലം സിബിഐക്ക് കൈമാറാനാകില്ല എന്ന നിലപാടിൽ സർക്കാർ ഉറച്ചു നിന്നു. ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ ഹർജി സുപ്രീം കോടതി പരിഗണനയിൽ ആയതിനാലാണ് കേസ് ഡയറി കൈമാറാത്തത് എന്ന് കോടതിയിൽ അറിയിച്ചു. സുപ്രീം കോടതി ഉത്തരവ് വരുന്നതിനു മുൻപ് കേസ് ഡയറി ആവശ്യമെങ്കിൽ സിബിഐ സുപ്രീം കോടതിയെയാണ് സമീപിക്കേണ്ടത് എന്നും വ്യക്തമാക്കി. കേസിന്റെ പ്രത്യേകത പരിഗണിച്ച് സുപ്രീം കോടതി ഉത്തരവ് വരും വരെ കേസ് ഡയറി ഹൈക്കോടതിയിൽ സൂക്ഷിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കോടതി ഉത്തരവിട്ടാൽ രേഖകൾ കോടതിക്ക് കൈമാറാമെന്ന് സർക്കാരും വ്യക്തമാക്കി.
ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും പെരിയ കൊലപാതക്കേസിന്റെ കേസ് ഡയറി ഉൾപ്പടെയുള്ള രേഖകൾ ഹാജരാക്കാൻ തയാറാകാതിരുന്ന സാഹചര്യത്തിൽ ക്രൈംബ്രാഞ്ചിന് സിബിഐ സമൻസ് അയച്ചിട്ടുണ്ട്. തുടർന്നും രേഖകൾ കൈമാറിയില്ലെങ്കിൽ ക്രിമിനൽ നടപടിച്ചട്ടത്തിന്റെ 93–ാം വകുപ്പനുസരിച്ച് കോടതിയിൽ നിന്നുള്ള വാറണ്ട് വാങ്ങും. സാഹചര്യത്തിലാണ് ഇന്ന് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ സിബിഐ വിഷയം കോടതിയിൽ ഉന്നയിച്ചത്. അടുത്ത ദിവസം കേസിന്റെ വിധി പറയുമ്പോൾ ഇക്കാര്യത്തിൽ പരാമർശം ഉണ്ടാകുമെന്നാണ് സിബിഐ പ്രതീക്ഷിക്കുന്നത്.
സുപ്രീം കോടതി അന്വേഷണത്തിന് ഇടക്കാല വിലക്കും ഏർപ്പെടുത്തിയിട്ടില്ല എന്നതിനാൽ രേഖകൾ പിടിച്ചെടുക്കാം എന്നാണ് സിബിഐ കണക്കു കൂട്ടൽ. സർക്കാർ അപ്പീൽ അടുത്ത മാസം 26ന് സുപ്രീം കോടതി പരിഗണിക്കും.