സ്വപ്ന നിക്ഷേപം ‘
തലസ്ഥാനത്തെ ബാങ്കിൽ 38 കോടി;സ്വപ്ന പണം പിൻവലിച്ചത് മാനേജരെ ഭീഷണിപ്പെടുത്തി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിൽ 38 കോടി രൂപയുടെ നിക്ഷേപമുളളതായി എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. സന്ദീപിനും ഇവിടെ നിക്ഷേപമുളളതായാണ് വിവരം. സ്വപ്നയ്ക്ക് ഈ ബാങ്കിൽ ലോക്കറുമുണ്ടെന്നാണ് കണ്ടെത്തൽ. യു.എ.ഇ കോൺസുലേറ്റിന്റെ അക്കൗണ്ടിൽനിന്നാണ് സ്വപ്നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്.ഇതിനുപുറമേ മറ്റ് ചില അക്കൗണ്ടിൽനിന്നും നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. എന്നാൽ, ലോക്കർ തുറന്നുളള പരിശോധന എൻഫോഴ്സ്മെന്റ് നടത്തിയില്ല.കോൺസുലേറ്റിന്റെയും സന്ദീപ്, സ്വപ്ന എന്നിവരുടെയും അക്കൗണ്ട് വിവരങ്ങൾ എൻഫോഴ്സ്മെന്റ് ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നുതവണ ബാങ്ക് മാനേജരെ ചോദ്യംചെയ്തെന്നാണ് വിവരം. കോൺസുലേറ്റിന്റെ അക്കൗണ്ടിലെ ഇടപാടുകളിലാണ് പ്രധാനമായും എൻഫോഴ്സ്മെന്റിന് സംശയമുളളത്.സ്വപ്നയ്ക്കൊപ്പം ബാങ്കിലെത്താറുള്ളവരെക്കുറിച്ചുള്ള വിവരം ഉദ്യോഗസ്ഥർ തേടിയിട്ടുണ്ട്. ഇതു നൽകാൻ മാനേജർക്ക് കഴിഞ്ഞിട്ടില്ല. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചേക്കും. കോൺസുലേറ്റിന്റെ അക്കൗണ്ട് സ്വപ്ന കൈകാര്യം ചെയ്തത് അവരുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ബാങ്കിന്റെ വിശദീകരണം. ഇക്കാര്യത്തിൽ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ബാങ്ക് അധികൃതർ എൻഫോഴ്സ്മെന്റിനെ അറിയിച്ചത്.തലസ്ഥാനത്തെ മറ്റൊരു സ്വകാര്യബാങ്കിലും ചില സഹകരണബാങ്കുകളിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സ്വകാര്യബാങ്കിന്റെ വിവിധശാഖകളിലായി ആറ് അക്കൗണ്ടുകളും ഒരു ലോക്കറും സ്വപ്നയ്ക്കുണ്ടെന്നാണ് സംശയിക്കുന്നത്. ഇവിടെയും സന്ദീപിന് അക്കൗണ്ടുണ്ട്. ഇതിലെല്ലാം നിക്ഷേപവുമുണ്ട്. ഇതേക്കുറിച്ചും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. ഈ ബാങ്കുകളിലെ മാനേജർമാരേയും ചോദ്യം ചെയ്യും.അതേസമയം ഒരാൾക്ക് പണമായി പിൻവലിക്കാവുന്നതിൽ നിന്ന് പരിധിയിൽ കവിഞ്ഞ തുക സ്വപ്ന ബാങ്കിൽനിന്ന് പിൻവലിച്ചിട്ടുണ്ട്. ഇതിന് ബാങ്ക് മാനേജർ എതിർപ്പറിയിച്ചപ്പോൾ അക്കൗണ്ടുകൾ മറ്റൊരു ബാങ്കിലേക്ക് മാറ്റുമെന്ന ഭീഷണിമുഴക്കിയാണ് സമ്മതിപ്പിച്ചത്. ഇക്കാര്യം ബാങ്ക് മാനേജർ അന്വേഷണസംഘത്തെ അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം.കോടികളുടെ ഇടപാട് നടക്കുന്ന അക്കൗണ്ടാണ് കോൺസുലേറ്റിന്റേത്. ഇത് നഷ്ടപ്പെടുമെന്നതുകൊണ്ടാണ് സ്വപ്നയുടെ ഭീഷണിക്ക് മാനേജർ വഴങ്ങിയത്. കോൺസുലേറ്റിന്റെ രണ്ട് അക്കൗണ്ടുകളും സ്വപ്ന കൈകാര്യം ചെയ്തിരുന്നു. ഇതിലൊന്നിൽനിന്നാണ് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയത്.