കർണാടക ഉഡുപ്പിയിലെ ലഹരിമരുന്ന് ശേഖരം:നാലുപേര്‍ അറസ്റ്റില്‍, അന്വേഷണം കാസർകോട്ടേക്കും, നെതർലൻഡ് വെബ്സൈറ്റും പരിശോധിക്കുന്നു
മംഗളൂരു : കഴിഞ്ഞ ജൂലായിയില്‍ ഉഡുപ്പിയില്‍ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയ കേസില്‍ മൂന്നുമാസത്തിനുശേഷം നാലുപേര്‍ അറസ്റ്റില്‍.
ലഹരിമരുന്ന് വിപണന സംഘത്തിലെ കണ്ണികളായ കെ.പ്രമോദ്, മുഖ്യ സൂത്രധാരന്‍ ഫഹീം, മറ്റ് അംഗങ്ങളായ എ.ഹാഷിര്‍, എസ്.എസ്. ഷെട്ടി എന്നിവരെയാണ് ബെംഗളൂരുവില്‍നിന്നെത്തിയ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. നിരോധിത ലഹരിമരുന്നായ 750 ഗ്രാം എം.ഡി.എം.എ. ഇവരില്‍നിന്ന് പിടിച്ചെടുത്തു.
ഉഡുപ്പി നഗരത്തില്‍ കഴിഞ്ഞ ജൂലായില്‍ പിടിച്ച ലഹരിമരുന്ന് ശേഖരം ആരാണ് എത്തിച്ചത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം അന്ന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബെംഗളൂരു കേന്ദ്രീകരിച്ച് നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതും ബുധനാഴ്ച അറസ്റ്റ് ചെയ്തതും.
നെതര്‍ലന്‍ഡ്സില്‍നിന്ന് ഒരു വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായാണ് സംഘം ലഹിമരുന്നുകള് എത്തിച്ചിരുന്നത്. ഓണ്‍ലൈനില്‍ വിവിധ വിലാസങ്ങള്‍ നല്കി ചെറിയ അളവില്‍ ലഹരിമരുന്നുകള്‍ ശേഖരിച്ചശേഷം കോളേജ് വിദ്യാര്ഥികള്ക്കെത്തിക്കുകയായിരുന്നു.
അതിനിടെ അടുത്ത കാലത്ത് കാസർകോട് നടന്ന ലഹരിവേട്ടയും കർണാടക നാർക്കോ വിഭാഗം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. ലഹരിക്കടത്തിലെ ഗൾഫ് ബന്ധങ്ങൾക്ക് പിന്നിൽ കാസർകോട്ടെ ചിലർ പ്രവർത്തിക്കുന്നതയാണ് കർണാടക സി ഐ ഡി വിഭാഗത്തിന് കിട്ടിയ വിവരം.