കോവിഡിനെതിരെ പോരാട്ടം അതിശക്തമാക്കും കാസര്‍കോട് ജില്ലാ ആശുപത്രി ഇന്നുമുതല്‍ കോവിഡ് ആശുപത്രി; ആദ്യം 100 കിടക്കകളോടെ
കാസർകോട് : ജില്ലാ ആസ്പത്രി വ്യാഴാഴ്ച മുതല്‍ കോവിഡ് ആസ്പത്രിയായി പ്രവര്‍ത്തിക്കും. ആദ്യം 100 കിടക്കകളുള്ള ഒരു വാര്‍ഡാണ് സജ്ജീകരിക്കുക. അഞ്ച് വെന്റിലേറ്ററുകള്‍ ഒരുക്കും. വാര്‍ഡില്‍ കേന്ദ്രീകൃത ഓക്സിജന്‍ വിതരണം ഉണ്ടാകും. കോവിഡ് ബാധിച്ച ഗര്‍ഭിണികളുടെ പ്രസവം ഉള്‍പ്പെടെയുള്ള ചികിത്സയ്ക്കും ഇവിടെ സൗകര്യമൊരുക്കും.
ജില്ലാ ആസ്പത്രിയിലേ സേവനങ്ങള്‍ എട്ടിടങ്ങളിലേക്കായി മാറ്റപ്പെടുമ്പോള്‍ പൊതുജനങ്ങള്‍ക്കുള്ള ആവലാതികളിലൊന്ന് യാത്രാസൗകര്യത്തെ കുറിച്ചാണ്. കിഴക്കന്‍ മലയോരത്തുനിന്നുള്പ്പെടെയുള്ള ആയിരത്തിലേറെപ്പേരാണ് ഒരുദിവസം കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ ആസ്പത്രിയിലെത്തുന്നത്.
കാഞ്ഞങ്ങാട് ടൗണില്‍നിന്ന് ജില്ലാ ആസ്പത്രിയിലേക്ക് ഇടയ്ക്കിടെ കെ.എസ്.ആര്.ടി.സി.സ്വകാര്യ ബസുകളുണ്ട്. ജനറല്‍ ഒ.പി., ഐ.പി. വിഭാഗങ്ങള്‍ക്ക് വെള്ളരിക്കുണ്ടില്‍ ഉള്‍പ്പെടെ നാലിടത്തായി സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും മറ്റുഭാഗങ്ങളില്‍ നിന്നെത്തുന്നവരെല്ലാം മിക്കവാറും കാഞ്ഞങ്ങാട് ടൗണിലാണ് എത്തിച്ചേരുക.
എട്ടു കേന്ദ്രങ്ങളിലൊന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയും മറ്റൊന്ന് തൃക്കരിപ്പൂര്‍ താലൂക്കാസ്പത്രിയുമാണ്. ജനറല്‍ ആസ്പത്രിയില്‍ അത്യാഹിതവിഭാഗവും തൃക്കരിപ്പൂരില്‍ ഡയാലിസിസുമാണ്. മറ്റു ആറു കേന്ദ്രങ്ങളിലേക്ക് സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അത് പ്രാവര്‍ത്തികമാക്കുന്നതിന് ഇപ്പോള്‍ ജില്ലാ ആസ്പത്രിയിലേക്കുപോകുന്ന ബസുകളുടെ റൂട്ട് പരിഷ്കരിച്ചാല്‍ മാത്രം മതിയാകുമെന്നും അഭിപ്രായമുണ്ട്.
കോവിഡിന്റെ അടിയന്തര സാഹചര്യം ഉള്‍ക്കൊണ്ടാണ് ജില്ലാ ആസ്പത്രിയെ കോവിഡ് ആസ്പത്രിയാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അതേ ഇടപെടല്‍ ജില്ലാ ആസ്പത്രിയില്‍നിന്ന് അടര്‍ത്തിമാറ്റിയ ചികിത്സാ കേന്ദ്രങ്ങളിലേക്ക് രോഗികളെ എത്തിക്കുന്നതിനും ഉണ്ടാകേണ്ടതുണ്ട്. പുതിയ ചികിത്സാകേന്ദ്രങ്ങള്‍ ബന്ധപ്പെടുത്തി സര്‍ക്കുലര്‍ ബസ് സര്‍വീസ് തുടങ്ങാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ഗുരുതരരോഗികള്‍ക്ക് ചികിത്സയൊരുക്കും
നിലവില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നത് ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജിലും ഒന്‍പതു സി.എഫ്.എല്‍.ടി. കേന്ദ്രങ്ങളിലുമാണ്. അതിനുപുറമെ ചികിത്സയിലുള്ളവരില്‍ 50 ശതമാനത്തോളം പേര് വീടുകളിലും കഴിയുന്നു. എന്നാല്‍, കോവിഡ് ഗുരുതരമാകുന്നവരെ ചികിത്സിക്കാനിടമില്ല. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ നിറഞ്ഞു. ഇതോടെ ഇവിടെയുള്ള രോഗികളെ അവിടേക്ക് അയയ്ക്കാന്‍ നിര്‍വാഹമില്ലാതായി. ഇതാണ് ജില്ലാ ആസ്പത്രിയെ അടിയന്തര പ്രാധാന്യത്തോടെ കോവിഡ് ആസ്പത്രിയാക്കാന്‍ തീരുമാനിച്ചത്.
രോഗികളുടെ ശ്രദ്ധയ്ക്ക്
ജനറല്‍ ഒ.പി., ഐ.പി.:നീലേശ്വരം, വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രികള്‍, പെരിയ സി.എച്ച്.സി., കാസര്‍കോട് ജനറല്‍ ആസ്പത്രി.
പ്രസവശുശ്രൂഷ, സ്ത്രീരോഗം:കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലക്ഷ്മമേഘാന് ആസ്പത്രി (പഴയ സര്‍ജികെയര്‍)
അര്‍ബുദം, ശിശുരോഗം സര്‍ജറി ഒ.പി.: നീലേശ്വരം താലൂക്ക് ആസ്പത്രി
നേത്രരോഗം:പെരിയ സി.എച്ച്.സി.
ത്വഗ്രോഗം, ഇ.എന്‍.ടി: ആനന്ദാശ്രമം പി.എച്ച്.സി.
അസ്ഥിരോഗം:പെരിയ സി. എച്ച്.സി, നീലേശ്വരം താലൂക്ക് ആസ്പത്രി.
അത്യാഹിത വിഭാഗം:കാസര്‍കോട് ജനറല്‍ ആസ്പത്രി, നീലേശ്വരം-വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രികള്‍.
ദന്തരോഗം: നീലേശ്വരം താലൂക്കാസ്പത്രി, പെരിയ സി.എച്ച്.സി.
പ്രതിരോധ കുത്തിവെപ്പ് ജില്ലാ ആസ്പത്രിയൊഴികെ എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും.
ഡയാലിസിസ്:കാസര്‍കോട് ജനറല്‍ ആസ്പത്രി, കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി, തൃക്കരിപ്പൂര്‍ താലൂക്ക് ആസ്പത്രി.
പാമ്പുകടിയേല്‍ക്കുന്നവര്‍: കാസര്‍കോട് ജനറല്‍ ആസ്പത്രി.
പാലിയേറ്റീവ് സേവനങ്ങള്‍: ചെമ്മട്ടംവയല്‍ വയോജനവിശ്രമകേന്ദ്രം