കാസർകോട് ടാറ്റാ കോവിഡ് ആശുപത്രിയിലേക്ക് 191 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം
തിരുവനന്തപുരം: കാസർകോട് ജില്ലയിൽ കോവിഡ് പ്രതിരോധത്തിന് ടാറ്റാ ഗ്രൂപ്പ് സൗജന്യമായി നിർമിച്ച് സർക്കാരിന് കൈമാറിയ പുതിയ ആശുപത്രിയിലേക്ക് 191 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. സൃഷ്ടിക്കുന്ന തസ്തികകളിൽ ഒരു വർഷത്തേക്ക് താൽക്കാലിക/ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അടിയന്തരമായി ജീവനക്കാരെ നിയമിക്കും.
സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതിമന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നാലുപേർക്ക് ഒരു കിറ്റ് എന്ന രീതിയിൽ വിതരണം ചെയ്ത മാതൃകയിൽ സെപ്തംബർ മുതൽ ഡിസംബർ വരെ റേഷൻ കടകൾ മുഖേന വിതരണം ചെയ്യും. ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വകയിരുത്തും.
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതി പ്രകാരം നിർമിക്കുന്ന ദുരിതാശ്വാസ അഭയകേന്ദ്രങ്ങളുടെ പരിപാലനത്തിനുള്ള സഞ്ചിത നിധി രൂപീകരിക്കുന്നതിന് 3.2 കോടി രൂപ സുനാമി പുനരധിവാസ പദ്ധതിയുടെ പലിശ തുകയിൽ നിന്നും അനുവദിക്കും.
തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലെ മെമ്പർമാരുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പാനലിന് അംഗീകാരം നൽകി. മുൻ ജില്ലാ സെഷൻസ് ജഡ്ജ്മാരായ കെ ശശിധരൻ നായർ, ഡി പ്രേമചന്ദ്രൻ,
പി മുരളീധരൻ എന്നിവരാണ് പാനലിൽ ഉള്ളത്.
കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ പേട്ട – ഒരു വാതിൽ കോട്ട റോഡിന്റെ നവീകരണ പ്രവൃത്തികളോടൊപ്പം പുതുതായി സ്വീവേജും ശുദ്ധജല സംവിധാനങ്ങളും ക്രമീകരിക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കും. ഇതിന്റെ ആദ്യ ഘട്ടം 10.11 കോടി രൂപ ചെലവിൽ നടപ്പാക്കുന്നതിന് ഭരണാനുമതി നൽകി.
പേര് പറയാതെ ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരെ എതിർ കക്ഷികളാക്കി സിബിഐ കൊച്ചി യൂണിറ്റ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഫയൽചെയ്ത പ്രഥമവിവര റിപ്പോർട്ടിനെതിരെ സാധ്യമായ നിയമനടപടികൾ സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ലൈഫ് മിഷൻ സി.ഇ.ഒ എന്നിവരെ ചുമതലപ്പെടുത്തി.
2020 – 21 വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പുതിയ കോഴ്സുകൾ തുടങ്ങുന്നതിന് അപേക്ഷകൾ സ്വീകരിക്കുന്നതിനും പരിഗണിക്കുന്നതിനും സർവ്വകലാശാലകൾക്ക് അധികാരം നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തുന്ന വിധം കേരള, കോഴിക്കോട്, മഹാത്മാഗാന്ധി, കണ്ണൂർ സർവ്വകലാശാലകളുമായി ബന്ധപ്പെട്ട ആക്ടുകൾ ഭേദഗതി ചെയ്യുന്നതിന് ഗവർണറോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.
കേരള കലാമണ്ഡലം കല്പിത സർവകലാശാലയിലെ അധ്യാപകർക്ക് യുജിസി അഞ്ചാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനും ആറാം ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.
ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കേണ്ടതില്ലെന്നും ശമ്പള പരിഷ്കരണ ഉത്തരവ് പുറപ്പെടുവിക്കുന്ന മാസത്തിന്റെ ഒന്നാം തീയതി മുതൽ മാത്രമേ പുതുക്കിയ ശമ്പളം പണമായി അനുവദിക്കുകയുള്ളൂ എന്നു മുള്ള വ്യവസ്ഥകളോടെയാണ് അംഗീകരിച്ചത്.