പെരിയ ഇരട്ടക്കൊലക്കേസിൽ സി ബി ഐയും ക്രൈംബ്രാഞ്ചും ഏറ്റുമുട്ടലിലേക്ക്. കേസ് ഡയറി കിട്ടാൻ
സമൻസ് അയച്ചു, അസാധാരണ നടപടിയെന്ന് നിയമലോകം.
കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസില്‍ അസാധാരണ നടപടിയുമായി സി.ബി.ഐ. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിന് സമന്‍സ് നല്കി. സി.ആര്.പി.സി. നിയമത്തിലെ 91-ാം വകുപ്പ് പ്രകാരമാണ് ക്രൈം ബ്രാഞ്ചിന് സി.ബി.ഐ. സമന്‍സ് നല്‍കിയത്. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ സമന്‍സ് നല്‍കിയിരിക്കുന്നത്.
കൊലപാതക കേസില്‍ രേഖകളും മറ്റും നല്‍കണമെന്ന് മുന്‍പ് ഏഴു തവണ സി.ബി.ഐ. ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ രേഖകള്‍ ഒന്നും കൈമാറാന്‍ ക്രൈം ബ്രാഞ്ച് തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് അസാധാരണ നടപടിയുമായി സി.ബി.ഐ. നീങ്ങുന്നത്.
നിലവില്‍ കേസിലെ സി.ബി.ഐ. അന്വേഷണത്തിന് യാതൊരു തടസ്സവുമില്ല. കേസിലെ സി.ബി.ഐ. അന്വേഷണം എതിര്‍ത്തു കൊണ്ടുള്ള സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതിയിലാണ്. അടുത്തമാസം 26നാണ് ആ അപ്പീല്‍ കോടതിയുടെ പരിഗണനയില്‍ വരുന്നത്. അതുവരെ കേസിലെ അന്വേഷണത്തിന് നിയമപരമായ യാതൊരു തടസ്സവും സി.ബി.ഐക്കു മുന്നിലില്ല.
ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കേസില്‍ ഒരു അസാധാരണ നീക്കത്തിന് സി.ബി.ഐ. മുതിര്‍ന്നത്. സി.ആര്.പി.സി. 91-ാം വകുപ്പ് പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥന് ഒരു കേന്ദ്ര ഏജന്‍സി സമന്‍സ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ക്രൈം ബ്രാഞ്ചിന്റെ കേസ് അന്വേഷണത്തിന് നേതൃത്വം നല്കിയ ഡി.വൈ.എസ്.പി. പ്രദീപ് കുമാറിന് രണ്ടു ദിവസം മുന്‍പാണ് സി.ബി.ഐ. സി.ആര്.പി.സി. 91-ാം വകുപ്പ് പ്രകാരമുള്ള സമന്‍സ് നല്‍കിയിരിക്കുന്നത്. സംസ്ഥാന ഏജന്‍സിക്ക് ഒരു കേന്ദ്ര ഏജന്‍സി സമന്‍സ് നല്‍കേണ്ട സാഹചര്യം മുന്‍പ് ഉണ്ടായിട്ടില്ല.
നേരത്തെ പലതവണ കേസ് ഡയറി സി.ബി.ഐ. ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഹൈക്കോടതിയില്‍ ഈ കേസ് പെന്‍ഡിങ് ആണെന്ന് കാരണം പറഞ്ഞാണ് ആദ്യം നല്‍കാതിരുന്നത്. ഏകദേശം ഒരു വര്‍ഷത്തോളം ഈ കേസ് വിധി പറയാനായി മാറ്റിവെക്കുകയും ഹൈക്കോടതിയില്‍ പെന്‍ഡിങ് ആവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കേസ് ഡയറി സി.ബി.ഐക്ക് കൈമാറാന്‍ കൂട്ടാക്കാഞ്ഞത്. എന്നാല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി പ്രസ്താവത്തിനു ശേഷം കേസ് ഡയറി സി.ബി.ഐക്ക് കൈമാറിയില്ല. പകരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സമന്‍സിന് അനുസൃതമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍, ആവശ്യമെങ്കില്‍ സി.ബി.ഐക്ക് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ ഓഫീസ് റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുക്കാന്‍ കഴിയുന്ന സാഹചര്യമുണ്ട്.
നേരത്തെ ഹൈക്കോടതിയില്‍ കേസ് വിധി പറയാന്‍ മാറ്റിയ സമയത്ത് സി.ബി.ഐ. ഡിവിഷന് ബെഞ്ചിന് മുന്‍പാകെ ഒരു ഉറപ്പ് നല്‍കിയിരുന്നു. ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് വരുന്നിടംവരെ ഈ കേസിന്റെ അന്വേഷണവുമായി മുന്നോട്ട് പോകില്ല എന്നായിരുന്നു അത്. ആ ഉറപ്പ് ഹൈക്കോടതിയില്‍ ഉണ്ടായിരുന്നതിനാലാണ് കേസ് ഡയറി അടക്കമുള്ളവ സിബിഐക്ക് കിട്ടാന്‍ തടസ്സമായത്.
എന്നാല്‍ കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍, അത്തരം ഉറപ്പുകളൊന്നും സി.ബി.ഐ. നല്‍കിയിട്ടില്ല. മാത്രമല്ല കേസില്‍ സി.ബി.ഐ. അന്വേഷണം തടഞ്ഞുകൊണ്ട് സുപ്രീം കോടതി ഇടക്കാല ഉത്തരവുകള്‍ ഒന്നും പുറപ്പെടുവിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ ക്രൈം ബ്രാഞ്ചിന് സമന്‍സ് നല്‍കുന്നതിന് സി.ബി.ഐക്ക് അവകാശം ഉണ്ടെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.