കേസ് ഡയറിയില്ലെങ്കിൽ കുറ്റപത്രത്തിന്റെ കോപ്പി മതി. കാത്തുനിൽക്കില്ല : രണ്ടും കല്പിച്ച് അന്വേഷണം തുടരുമെന്ന് സി.ബി.ഐ.
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലയുടെ കേസ് ഡയറിക്ക് ഇനിയും കാത്തുനിൽക്കേണ്ടെന്ന് സി.ബി.ഐ.യുടെ തീരുമാനം. അന്വേഷണം തുടരാൻ ഉദ്യോഗസ്ഥസംഘം വൈകാതെ കാസർകോട്ടെത്തും. കേസ് ഡയറി കിട്ടിയില്ലെങ്കിൽ വേണ്ട, തത്കാലം കുറ്റപത്രത്തിന്റെ പകർപ്പ് കിട്ടിയാൽ മതിയെന്ന് സി.ബി.ഐ. വൃത്തങ്ങൾ അറിയിച്ചു. ഇതിനായി എറണാകുളം സി.ജെ.എം. കോടതിയിൽ സി.ബി.ഐ. ഹർജി നൽകി.
സംസ്ഥാനസർക്കാർ നൽകിയ അപ്പീൽ ഹർജിയിൽ സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവില്ലാത്തതിനാൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ സി.ബി.ഐ.ക്ക് മുന്നിൽ തടസ്സങ്ങളൊന്നുമില്ല. നേരത്തേ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സർക്കാർ അപ്പീൽ ഹർജി നൽകിയപ്പോഴുണ്ടായ സാഹചര്യമല്ല ഇപ്പോഴത്തേത്. ഈ കേസിൽ ഒരു ചുവട് മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിൽ സി.ബി.ഐ.യുടെ അന്വേഷണം തടയില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിലുള്ളത്. ഇതു സംബന്ധിച്ച് നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐ.ക്ക് സുപ്രീംകോടതി നിർദേശവും നൽകി.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നപ്പോൾ തന്നെ സി.ബി.ഐ. ഉദ്യോഗസ്ഥർ പെരിയയിലെത്തി അന്വേഷണം നടത്തിയിരുന്നു. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിന്റെയും കൃപേഷിന്റെയും വീടുകളിലെത്തി മാതാപിതാക്കളോട് സംസാരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ അന്വേഷണത്തിന്റെ ഒന്നിലേറെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ കാര്യമാകും സി.ബി.ഐ. സുപ്രീംകോടതി മുമ്പാകെ അറിയിക്കുക.
സിംഗിൾ ബെഞ്ചിന്റെ വിധി വന്നതുമുതൽ കേസ് ഡയറി കൈമാറണമെന്ന് സി.ബി.ഐ. ആവശ്യപ്പെടുന്നതാണ്. ഡിവിഷൻ ബെഞ്ചിൽ വാദം കേൾക്കുന്നതിനിടെ സി.ബി.ഐ. അഭിഭാഷകൻ ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു. സി.ബി.ഐ. അന്വേഷണം ശരിവെച്ച് ഡിവിഷൻ ബെഞ്ചിന്റെ വിധിവന്നപ്പോഴെങ്കിലും കേസ് ഡയറി കിട്ടുമെന്നാണ് സി.ബി.ഐ. കരുതിയത്. അത് കിട്ടിയില്ലെന്നു മാത്രമല്ല, സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇനിയും കേസ് ഡയറിക്ക് കാത്തുനിൽക്കുന്നതിൽ അർഥമില്ലെന്ന തീരുമാനത്തിലേക്ക് സി.ബി.ഐ. എത്തിയത്.
ഒക്ടോബർ 26-നാണ് സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കുക. സി.ബി.ഐ.ക്കൊപ്പം കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
സി.ബി.ഐ. ഓഫീസർ വീടുകളിലെത്തി മൊഴിയെടുത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സുപ്രീംകോടതി മുൻപാകെ ബോധിപ്പിക്കുമെന്ന് ശരത്ലാലിന്റെയും കൃപേഷിന്റെയും വീട്ടുകാർ പറഞ്ഞു. അതിനിടെ കേസ് ഡയറി കൈമാറാത്തതിനെതിരേ മാതാപിതാക്കൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകിയിട്ടുണ്ട്.