ഉപ്പളയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതി പോലീസിനെ വെട്ടിച്ച് കോവിഡ് ആസ്പത്രിയില്‍നിന്ന് തടവ് ചാടി.
കാഞ്ഞങ്ങാട് : മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതി കോവിഡ് ആസ്പത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ഉപ്പള കൈക്കമ്പയിലെ ആദംഖാന് (23) ആണ് ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ കെട്ടിടത്തിന്റെ ഒന്നാംനിലയിലുള്ള കുളിമുറിയിലെ ജനാലവഴി രക്ഷപ്പെട്ടത്. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ഇയാളെ പടന്നക്കാട് കാര്‍ഷിക കോളേജിലെ കോവിഡ് ഫസ്റ്റ്ലൈന് സെന്ററില്‍ പ്രവേശിപ്പിച്ചത്. ഒന്നാംനിലയിലെ വാര്‍ഡിലായിരുന്നു. പുറത്ത് പോലീസ് കാവലുമുണ്ടായിരുന്നു.
കുളിമുറിയിലേക്ക് പോയി ഏറെസമയം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനെത്തുടര്‍ന്ന് വാര്‍ഡിലെ മറ്റുള്ളവര്‍ക്ക് സംശയം തോന്നുകയും തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് നോക്കുകയും ചെയ്തപ്പോഴാണ് രക്ഷപ്പെട്ടതായി മനസ്സിലായത്. ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട്, നീലേശ്വരം മേഖലയില്‍ രാത്രിയില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുസ്ലിം ലീഗ് പ്രവര്ത്തകന് ഉപ്പള ബദരിയ ജുമാമസ്ജിദിനു സമീപത്തെ മുസ്തഫ (38)യെ ഒന്‍പതുമാസം മുന്‍പ് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് 20 കിലോ കഞ്ചാവ് കടത്തിയ കേസിലും പ്രതിയാണിയാള്‍. ഈ കേസില്‍ ജയിലിലായ ഇയാള്‍ കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങിയപ്പോഴാണ് ലീഗ് പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ വീണ്ടും അറസ്റ്റിലാകുന്നത്. തളിപ്പറമ്പ്, പയ്യന്നൂര്‍, ഹൊസ്ദുര്‍ഗ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ചെയ്ത ഒന്നിലേറെ മോഷണക്കേസുകളിലും പ്രതിയാണിയാള്‍.