സഹകരണ മേഖലയെ ഇടതുസർക്കാർ കറവപ്പശുവാക്കുന്നു -എൻ.എ.നെല്ലിക്കുന്ന്
കാസർകോട്: സഹകരണ മേഖലയെ ഇടതുസർക്കാർ കറവപ്പശുവാക്കുന്നു -എൻ.എ.നെല്ലിക്കുന്ന് എം എൽ എ സഹകരണ സംഘങ്ങളെ ഇടതുസർക്കാർ കറവപ്പശുവാക്കി തകർക്കാനാണ് ശ്രമിക്കുന്നതെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. കുറ്റപ്പെടുത്തി. കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കാസർകോട് താലൂക്ക് കമ്മിറ്റി വിവിധ ആവശ്യങ്ങളുന്നയിച്ച് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായും സാധാരണക്കാരന്റെ അത്താണിയായും പ്രവർത്തിച്ചുവരുന്ന സഹകരണ സ്ഥാപനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളുടെ ഭാഗമായി പലവിധ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും എം.എൽ.എ. പറഞ്ഞു.
താലൂക്ക് പ്രസിഡന്റ് മധുസൂദനൻ ഗദ്ദിമൂല അധ്യക്ഷനായിരുന്നു. കെ.സി.ഇ.എഫ്. ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ.പ്രകാശ്കുമാർ, ഇ.വേണുഗോപാലൻ, എം.ഭവാനി, വോർക്കാടി സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.ദിവാകര, താലൂക്ക് ഭാരവാഹികളായ കെ.ബാലകൃഷ്ണൻ, കെ.നാരായണൻ നായർ എന്നിവർ സംസാരിച്ചു. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ജീവനക്കാരുടെ പ്രമോഷൻ സാധ്യതകൾ ഇല്ലാതാക്കുന്ന ചട്ടം ഭേദഗതി പിൻവലിക്കുക, രണ്ടും നാലും ശനിയാഴ്ചകളിലെ അവധി സഹകരണ സ്ഥാപനങ്ങളിലും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്.