നടിയെ ആക്രമിച്ച കേസ് സാക്ഷിക്ക് വധഭീഷണി: പൊലീസ് അന്വേഷണം കാസർകോട്ടേക്കും
ബേക്കൽ :സിനിമാനടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. മലാംകുന്ന് സ്വദേശിയായ വിപില്ലാലിന്റെ പരാതിയിലാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങിയത്. നടന് ദിലീപ് അടക്കമുള്ളവര്‍ പ്രതികളായ കേസില്‍ സാക്ഷിയാണ് വിപിന്‍. മൊഴി മാറ്റിപ്പറയണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നുമുള്ള അജ്ഞാത ഫോണ്‍ സന്ദേശമാണ് വിപിന്‍ നിരന്തരമായി വന്നത്. ദിലീപിന് അയക്കാനുള്ള കത്ത് പള്‍സര്‍ സുനിക്ക് ജയിലില്‍ കഴിയുന്നതിനിടെ എഴുതി നല്‍കിയത് താനാണെന്ന് വിപിന്‍ പൊലീസിലും കോടതിയിലും മൊഴി നല്‍കിയിരുന്നു.
2020 ജനുവരിയില്‍ നല്കിയ മൊഴി മാറ്റണമെന്നും ഇല്ലെങ്കില്‍ ജീവന് അപകടത്തിലാകുമെന്നും പറഞ്ഞ് തന്റെ അമ്മാവന്റെ വീട്ടിലും ജോലിസ്ഥലത്തുമായി ഫോണിലും തപാലിലും ഭീഷണിസന്ദേശം വരികയാണെന്ന് വിപിന്‍ നല്കിയ പരാതിയില്‍ പറയുന്നു.കൊച്ചിയില്‍ നിന്നാണ് ഭീഷണി വന്നതെന്നാണ് പൊലീസിന് ലഭിച്ച സൂചന. നടന് ദിലീപ് അടക്കമുള്ളവര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുംഭീഷണിപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.