കേരളത്തിന് ആശങ്ക വേണ്ട, കോവിഡ് വ്യാപനം കുറയും ; ഉടൻ രോഗികളുടെ ഗ്രാഫ് താഴും : ഡോ. ടി ജേക്കബ് ജോണ്‍
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപന നിരക്ക് ഇനി കുറയുകയേയുള്ളൂവെന്ന് ഐസിഎംആര്‍ ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ. ടി ജേക്കബ് ജോണ്‍. ‘കേരളത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ഈ ആഴ്ച കഴിയുന്നതോടെ രോഗികളുടെ ഗ്രാഫ് താഴേക്ക് വരും. രോഗം പ്രതിരോധിക്കുന്നതില്‍ കേരളത്തിനുള്ള ഖ്യാതി ഇല്ലാതാക്കാനും തെറ്റിദ്ധാരണ പരത്താനും ശ്രമം നടക്കുന്നതായി സംശയിക്കണം’, തമിഴ്നാട്ടിലെ വെല്ലൂരിലെ വസതിയില്‍നിന്ന് ദേശാഭിമാനിയോട് ടെലിഫോണില്‍ സംസാരിക്കുകയായിരുന്നു ഡോ. ടി ജേക്കബ് ജോണ്‍.
മൊത്തം ജനസംഖ്യയുടെ 30 ശതമാനംപേര്‍ അണുബാധിതരായാല്‍ രോഗവ്യാപനം മൂര്‍ദ്ധന്യത്തിലെത്തിയതായി കണക്കാക്കാം. കേരളത്തില്‍ തിങ്കളാഴ്ചവരെ 1,79,982 ലക്ഷം പേരാണ് അണുബാധിതര്‍. ഐസിഎംആറിന്റെ സീറോ സര്‍വേ പ്രകാരം പോസിറ്റീവായ ഒരു കേസിലൂടെ ചുരുങ്ങിയത് 80 പേരിലെങ്കിലും വൈറസ് വ്യാപനമുണ്ടാകും. 80ന് പകരം 60 പേരില്‍ വ്യാപനമുണ്ടായതായി കണക്കാക്കിയാല്‍ ഒരു കോടി എട്ട് ലക്ഷം പേരില്‍ വൈറസ് ബാധിച്ചു. കേരളത്തിന്റെ ജനസംഖ്യ 3.6 കോടിയായി എടുത്താല്‍ ഇതിന്റെ 30 ശതമാനം ഒരു കോടി എട്ട് ലക്ഷംവരും. തമിഴ്നാട്ടില്‍ പത്ത് ലക്ഷം പേരില്‍ 7615 പേര് അണുബാധിതരാണ്. കര്‍ണാടകത്തില്‍ ഇത് 8693 ആണ്. ആന്ധ്രയില്‍ 12,614 ഉം. അതേസമയം, കേരളത്തില്‍ 4997 ആണ്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോവിഡ് മരണനിരക്കിലും കേരളം പിന്നിലാണ്. തമിഴ്നാട്ടില്‍ 1.77 ശതമാനം, കര്‍ണാടകം-1.87. ആന്ധ്ര 0.93. കേരളത്തില്‍ 0.57 ശതമാനംമാത്രമാണ്. കേരളം ഇപ്പോഴും സുരക്ഷിതമാണെന്നുതന്നെയാണ് എന്റെ വിശ്വാസം. വല്ലാതെ പേടിക്കേണ്ട കാര്യമില്ല. എന്നാല്‍, ജാഗ്രത ഒട്ടും കുറയരുത്. സമ്പൂര്‍ണ ലോക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമില്ല. സ്കൂള്‍ തുറക്കുന്നത് നീട്ടിവയ്ക്കണം. രോഗവ്യാപനം കുറയുന്ന മുറയ്ക്ക് ജില്ലാതലത്തില്‍ വിലയിരുത്തിമാത്രമേ സ്കൂള്‍ തുറക്കാവൂ. വാക്സിന് വരാന്‍ മാര്‍ച്ചുവരെ കാത്തിരിക്കേണ്ടി വരും. വാക്സിന് വിതരണം സംബന്ധിച്ച് തയ്യാറെടുപ്പ് ഇപ്പോഴേ തുടങ്ങാം- ഡോ. ജേക്കബ് ജോണ്‍ പറഞ്ഞു.