ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ഇന്ന് യു പി യില്‍ കനത്ത സുരക്ഷ, അദ്വാനിയും ജോഷിയും ഉമാഭാരതിയും എത്തില്ല.
ന്യൂഡല്‍ഹി: ലോകം ഉറ്റുനോക്കുന്ന അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച കേസില്‍ ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ബുധനാഴ്ച വിധിപറയും. ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവായ എല്‍.കെ. അദ്വാനിയുള്‍പ്പെടെ 48 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച നേരിട്ടു ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കല്യാണ്‍ സിങ്, ഉമാ ഭാരതി എന്നിവര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്രപേര്‍ എത്തുമെന്ന് വ്യക്തമല്ല.
1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവുപ്രകാരം രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേര്‍ത്ത് ലഖ്നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കുമാറ്റി. രണ്ടുവര്‍ഷത്തിനകം വിചാരണപൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനല്‍കി.
വിചാരണ നേരിട്ടവര്‍
കേന്ദ്രമന്ത്രിമാരായിരുന്ന എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യു.പി. മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ്, വി.എച്ച്.പി. നേതാവ് വിനയ് കത്യാര്‍ (അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസാബാദിലെ മുന്‍ എം.പി.), സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്, ധരം ദാസ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, മഹാമണ്ഡലേശ്വര്‍ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ, സതീഷ് ചന്ദ്ര നാഗര്‍ എന്നീ 15 പേര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റമാണ് സുപ്രീംകോടതി 2017 ഏപ്രില്‍ 19-ന് പുനഃസ്ഥാപിച്ചത്. ഇവരുള്‍പ്പെടെ കേസിലെ 48 പ്രതികളില്‍ 32 പേരാണ് ജീവിച്ചിരിക്കുന്നത്.
രാജസ്ഥാന് ഗവര്‍ണറായിരുന്നതിനാല്‍ കല്യാണ്‍ സിങ്ങിന് വിചാരണ നേരിടുന്നതില്‍നിന്ന് സംരക്ഷണം ലഭിച്ചിരുന്നു. ഗവര്‍ണര്‍സ്ഥാനം ഒഴിഞ്ഞതോടെ കല്യാണ്‍ സിങ്ങും വിചാരണ നേരിട്ടു.
കേസിനിടെ അന്തരിച്ചവര്‍
ശിവസേനാ നേതാവ് ബാല്‍ താക്കറെ, വി.എച്ച്.പി. നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍, അശോക് സിംഘല്‍, മഹന്ത് അവൈദ്യനാഥ്, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ
പ്രതികള്‍ നേരിടുന്ന കുറ്റം
രണ്ടുവിഭാഗങ്ങള്‍തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ നേരിടുന്നത്.