കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചു
വിടവാങ്ങിയത് ഇന്ത്യയുടെ ഉറ്റ മിത്രം.
കുവൈത്ത് : കുവൈത്ത് ഭരണാധികാരിയും മുൻ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. അമീരി ദിവാന് ഉപമന്ത്രി ശൈഖ് അലി അൽജറ അൽസബ ആണ് അമീറിന്റെ വിയോഗം കുവൈത്ത് ടി.വി.യിലൂടെ ചൊവ്വാഴ്ച അറിയിച്ചത്. ദീർഘവീക്ഷണമുള്ള പ്രവർത്തനങ്ങളുടെയും വിശാലമായ കാഴ്ചപ്പാടുകളുടെയും പിൻബലത്തോടെ രാജ്യത്തെ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് നയിച്ച നേതാവായിരുന്നു അദ്ദേഹം. 2005-ൽ വനിതകൾക്ക് വോട്ടവകാശം നൽകിയതും കുവൈത്ത് മുനിസിപ്പാലിറ്റിയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകിയതും അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഫലമായിരുന്നു.
ആസൂത്രണവകുപ്പുമന്ത്രിയായി ഒരു വനിതയെ കൊണ്ടുവന്നതും അദ്ദേഹം പ്രധാനമന്ത്രിയായ കാലത്താണ്. നാൽപ്പതുവർഷത്തോളം വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം ഇന്ത്യയുൾപ്പെടെയുള്ള വിദേശരാഷ്ട്രങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. 2006-ൽ കുവൈത്ത് അമീർ പദവിയിലെത്തിയശേഷം ഇന്ത്യയിൽ ഒരാഴ്ച സന്ദർശനം നടത്തിയിരുന്നു.
ലോകാരോഗ്യസംഘടന, ലോകതൊഴിൽ സംഘടന, അന്താരാഷ്ട്രസാമ്പത്തികസമിതി എന്നിവയുൾപ്പെടെ വിവിധ അന്താരാഷ്ട്രസമിതികളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2003-ൽ കുവൈത്ത് പ്രധാനമന്ത്രിയായതിനെത്തുടർന്ന് യു.എൻ. പൊതുസഭയിൽ പ്രമേയം അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ പുരോഗമനപരമായ പ്രവർത്തനങ്ങൾ മുൻനിർത്തി 2005-ൽ ജോർജ് വാഷ്ങ്ടൺ സർവകലാശാല ‘ഡോക്ടർ ഓഫ് ലാസ്’ ഡിഗ്രി നൽകി ആദരിച്ചു. നികുതിനിയമത്തിൽ ഭേദഗതി വരുത്തി വിദേശനിക്ഷേപകരെ കൂടുതൽ ആകർഷിക്കുന്നതിന് ഉന്നതതല സമിതിക്ക് രൂപം നൽകി. രാജ്യത്ത് വികസനോത്മുഖ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ വിദേശ സർവകലാശാലകൾ ആരംഭിക്കുകയും വിദേശ ബാങ്കിങ് സ്ഥാപനങ്ങളുടെ ശാഖകൾ ആരംഭിക്കുകയും ചെയ്തു. സ്വദേശികൾക്കൊപ്പം വിദേശികൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. തൊഴിലവസരങ്ങൾക്കനുസൃതമായി നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് അന്താരാഷ്ട്ര തൊഴിൽസംഘടനകളുടെ നിലവാരത്തിൽ തൊഴിൽസംസ്കാരം രൂപപ്പെടുത്തി.
ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അമീറായ കാലത്ത് ഇന്ത്യയും കുവൈത്തും തമ്മലുള്ള ബന്ധം കൂടുതൽ ശക്തമായിരുന്നു. കുവൈത്ത് അമീർ ആയശേഷം ഇന്ത്യ സന്ദർശിച്ച അദ്ദേഹം ഇന്ത്യൻ ഭരണാധികാരികളുമായി വിവിധതലങ്ങളിൽ ചർച്ചകൾ നടത്തുകയും സുപ്രധാനമായ ചില ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. തൊഴിൽ റിക്രൂട്ടിങ് സംബന്ധിച്ച ധാരണാപത്രം ഇതിൽ പ്രധാനമാണ്. പുതിയ ഒട്ടേറെ പദ്ധതികൾക്ക് തുടക്കംകുറിച്ചതും ഈ സന്ദർശനത്തിന്റെ തുടർച്ചയായാണ്. ഇന്ത്യൻ ജനതയ്ക്ക് തന്റെ നാട്ടിൽ പ്രത്യേക പരിഗണന നൽകിയ നേതാവായിരുന്നു അദ്ദേഹം. കുവൈത്തിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാക്കിക്കൊണ്ട് അവിടത്തെ ഇന്ത്യക്കാരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞത് അദ്ദേഹത്തിന്റെ കാലത്താണ്.
വനിതകൾക്ക് പ്രാമുഖ്യവും പ്രാതിനിധ്യവും നൽകിയ ഭരണാധികാരി
കുവൈത്തിൽ വനിതകളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു വോട്ടവകാശം വേണമെന്നത്. അതിനായുള്ള മുറവിളികളുമായി അവർ പലതവണ രംഗത്തെത്തിയിരുന്നു. ശൈഖ് അൽ സബാഹ് അവരുടെ ആവശ്യം മുഖവിലയ്ക്കെടുക്കുകയും അതുസംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു. പലതവണ പാർലമെന്റിൽ പരാജയപ്പെട്ട ബിൽ ഒടുവിൽ 2005-ൽ പാസായി. കുവൈത്തിന്റെ ജനാധിപത്യചരിത്രം തിരുത്തിയെഴുതിയ ആ വിധി ചരിത്രത്താളുകളിൽ ഇടംപിടിച്ചു. 2005-ൽ കുവൈത്ത് മുനിസിപ്പാലിറ്റിയിൽ ആദ്യമായി വനിതകൾക്ക് പ്രാതിനിധ്യം നൽകിയതും മറ്റൊരു ചരിത്രമായിരുന്നു. കുവൈത്ത് സർവകലാശാലയിലെ ഡോക്ടർ മാസുമാ അൽ മുബാറക്കിനെ ആസൂത്രണമന്ത്രിയാക്കി തന്റെ മന്ത്രിസഭ വികസിപ്പിച്ചതായിരുന്നു മറ്റൊരു നിർണായകമായ തീരുമാനം.