ചെങ്ങന്നൂരിലേ പഞ്ചലോഹ വിഗ്രഹം കവര്‍ന്ന പരാതി വ്യാജം; വിഗ്രഹം സമീപത്തെ തോട്ടില്‍, ഉപയോഗിച്ചത് വെറും 14 ഗ്രാം സ്വര്‍ണം, കമ്പനി ഉടമകൾ കുടുങ്ങും
ചെങ്ങന്നൂർ: എം.സി. റോഡിൽ വിഗ്രഹനിർമാണശാല ആക്രമിച്ച് പഞ്ചലോഹ വിഗ്രഹം കവർന്നുവെന്ന പരാതി വ്യാജമെന്ന് പോലീസ്. കാണാതായ വിഗ്രഹം സ്ഥാപനത്തിന് സമീപത്തെ തോട്ടിൽനിന്ന് കണ്ടെത്തി. സ്ഥാപനത്തിൽ ആക്രമണം നടത്തിയ മുൻജീവനക്കാരനെ കവർച്ചാക്കേസിൽ കൂടി കുടുക്കാനാണ് ഉടമകൾ വിഗ്രഹം കവർന്നതായ വ്യാജ പരാതി ഉന്നയിച്ചതെന്നും പോലീസ് പറഞ്ഞു.
കാരയ്ക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റ്സ് എന്ന സ്ഥാപനത്തിൽ ഒരു സംഘം ആക്രമണം നടത്തി രണ്ട് കോടി രൂപ വിലയുള്ള പഞ്ചലോഹ വിഗ്രഹം കവർന്നു എന്നായിരുന്നു ഉടമകളുടെ പരാതി. ലണ്ടനിലെ കെന്റ് അയ്യപ്പക്ഷേത്രത്തിലേക്കായി നിർമിച്ച വിഗ്രഹമാണ് കവർന്നതെന്നും സംഭവത്തിന് പിന്നിൽ മുൻ ജീവനക്കാരനായ സോണിയാണെന്നും ഉടമകളായ മഹേഷ് പണിക്കരും പ്രകാശ് പണിക്കരും ആരോപിച്ചിരുന്നു. എന്നാൽ ആക്രമണം നടന്നതായി സ്ഥിരീകരിച്ച പോലീസ് വിഗ്രഹമോഷണത്തിൽ തുടക്കംമുതലേ സംശയം പ്രകടിപ്പിച്ചിരുന്നു.
രണ്ടുകോടി രൂപയുടെ സ്വർണത്തിൽ നിർമിച്ച വിഗ്രഹം അക്രമിസംഘം കവർന്നതായി ഉടമകൾ ഉറപ്പിച്ച് പറഞ്ഞതോടെ ഫൊറൻസിക് വിദഗ്ധരടക്കം സ്ഥലത്തെത്തി അന്വേഷണം നടത്തി. പോലീസ് നായയെയും സംഭവസ്ഥലത്ത് എത്തിച്ചു. ഇതിനിടെ ഉടമകളെ വിശദമായി ചോദ്യംചെയ്തതോടെയാണ് വ്യാജ പരാതിയുടെ ചുരുളഴിഞ്ഞത്.
തങ്ങളെ ആക്രമിച്ച സോണിയെ കവർച്ചാക്കേസിൽ കൂടി കുടുക്കാൻ ലക്ഷ്യമിട്ടാണ് വ്യാജ പരാതി നൽകിയതെന്ന് ഉടമകൾ മൊഴി നൽകി. ഇവരുടെ മൊഴിയനുസരിച്ച് സമീപത്ത് തിരച്ചിൽ നടത്തിയ പോലീസ് സംഘം തോട്ടിൽനിന്ന് വിഗ്രഹം കണ്ടെടുക്കുകയായിരുന്നു. വിഗ്രഹത്തിന് രണ്ട് കോടി രൂപയുടെ മൂല്യമുണ്ടെന്ന വാദവും കള്ളമാണെന്ന് പോലീസ് പറഞ്ഞു. വെറും 14 ഗ്രാം സ്വർണം മാത്രമാണ് വിഗ്രഹത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, സ്ഥാപനത്തിൽ ആക്രമണം നടത്തി തൊഴിലാളികളെ പരിക്കേൽപ്പിച്ച സംഭവത്തിൽ കേസ് നിലനിൽക്കുന്നുണ്ട്.