ഒക്ടോബർ പകുതിയോടെ പ്രതിദിനരോഗബാധ 15,000- ആകുമെന്ന് മുഖ്യമന്ത്രി; ലോക്ക് ഡൗൺ ഇപ്പോൾ വേണ്ടെന്ന് എൽഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായ നിലയിലേക്കെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ പകുതിയോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിതീവ്രമാകുമെന്നാണ് മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ അറിയിച്ചിരിക്കുന്നത്. പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 15,000 വരെ ഉയരും എന്നാണ് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പറയുന്നത്.
അതേസമയം സമ്പൂർണ ലോക്ക് ഡൗൺ ഇപ്പോൾ വേണ്ടെന്ന് എൽഡിഎഫ് മുന്നണിയോഗം സർക്കാരിനോട് നിർദേശിച്ചു. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് ബാധ നിലവിൽ രൂക്ഷമാണെങ്കിലും അടുത്ത രണ്ടാഴ്ചത്തെ സ്ഥിതി കൂടി വിലയിരുത്തിയ ശേഷം ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യം പരിഗണിച്ചാൽ മതിയെന്നാണ് മുന്നണി തീരുമാനം.
അതേസമയം കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ എൽഡിഎഫിൻ്റെ എല്ലാ സമരപരിപാടികളും മാറ്റിവച്ചതായി എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അറിയിച്ചു. കൊവിഡ് പിടിച്ചു കെട്ടാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ പാഴാവാതിരിക്കാനാണ് ഈ തീരുമാനമെന്ന് വിജയരാഘവൻ വ്യക്തമാക്കി.