കേരളത്തില്‍ സിബിഐയെ നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം, ഓർഡിനൻസിന് ശ്രമം, കോടതിയിൽ നേരിടുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ വിവാദ വിഷയങ്ങളില്‍ സിബിഐ അന്വേഷണം നടക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐയെ തടയാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്ത് സിബിഐയെ നിരോധിക്കാന്‍ നീക്കം നടക്കുകയാണ്. ഇതിന് ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.ബി.ഐ. അന്വേഷണം ആരംഭിച്ചാല്‍ പല പ്രമുഖരും കുടുങ്ങുമെന്ന നില വന്നപ്പോഴാണ് ഓര്‍ഡിനന്‍സ് നീക്കം. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നിയമ സെക്രട്ടറിയുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം ഒരു ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം നിയമ വിരുദ്ധമാണെന്നും ചെന്നിത്തല ആരോപിച്ചു. ഇതിനെ പ്രതിപക്ഷം എന്ത് വില കൊടുത്തും ചെറുക്കും. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ഗവര്‍ണറോട് പ്രതിപക്ഷം ആവശ്യപ്പെടുമെന്നും വ്യക്തമാക്കിയ ചെന്നിത്തല വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.