കോവിഡ് വ്യാപനം, ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്നു വെച്ചു. ഇതടക്കം രാജ്യത്തെ എട്ട് ഉപതിരഞ്ഞെടുപ്പുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടെന്ന് വെച്ചത്.
സംസ്ഥാനത്ത് രോഗ വ്യാപനം തീവ്രമാകുന്ന പശ്ചത്തലത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കമ്മീഷന് അംഗീകരിക്കുകയായിരുന്നു. കോവിഡ് പടരുന്നതിനാല്‍ സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.
ഈ കത്തില്‍ അടുത്ത മെയ് മാസത്തിലാണ് സംസ്ഥാന നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയാലും പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ആറുമാസം മാത്രമായിരിക്കും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുക. ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട ഭീമമായ ചെലവും സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി.
ഈ കാര്യങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന് സിഇഒ ഉമേഷ് സിന്‍ഹയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. അടുത്ത ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളോടൊപ്പം തന്നെ ഈ രണ്ട് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം അസം,പശ്ചിമ ബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും കമ്മീഷന് ഒഴിവാക്കിയിട്ടുണ്ട്.