ചാരായം വീട്ടില്‍ നിര്‍മിച്ച് സ്വന്തം ഓട്ടോയില്‍ വില്പന; യുവാവ് എക്സൈസ് പിടിയില്‍
കൊച്ചി: വീട്ടില്‍ ചാരായം നിര്‍മിച്ച് വില്പന നടത്തുന്നയാളെ കാലടി എക്സൈസ് പിടികൂടി. മലയാറ്റൂര്‍ വെസ്റ്റ് കോളനിയിലെ തോപ്പിലാന്‍ വീട്ടില്‍ സോണി ആണ് പിടിയിലായത്.
ഇയാളുടെ വീട്ടില്‍ നിന്നും 250 ലിറ്റര്‍ വാഷും 12 ലിറ്റര്‍ ചാരായവും കണ്ടെടുത്തു. നൂതന രീതിയിലുള്ള വാറ്റുകേന്ദ്രമാണ് വീടിന്റെ ഒരു മുറിയില്‍ സജീകരിച്ചിരുന്നത്. ഒരു ലിറ്റര്‍ ചാരായം 850 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്. സോണിയുടെ ഓട്ടോറിക്ഷയിലായിരുന്നു വില്പന. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഇന്‍സ്പെക്ടര്‍ പി.വൈ ചെറിയാന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.ജി മധുസൂദനന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനൂപ്, നിഷാദ്, ബിപിന്‍ ദാസ്, സലാഹുദീന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഫൗസിയ, ഡ്രൈവര്‍ സക്കീര്‍ ഹുസൈന് എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.