കണ്ണൂർ വിമാനത്താവളത്തിൽ യുവതിയിൽനിന്ന് 47 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു
മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവതിയിൽനിന്ന് സ്വർണം പിടിച്ചു. അബുദാബിയിൽനിന്ന് ഗോ എയർ വിമാനത്തിലെത്തിയ ചൊക്ലി സ്വദേശിയായ യാത്രക്കാരി മുഹസീന നൗഫലിൽ (35) നിന്നാണ് 949 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചത്. ഇതിന് 47 ലക്ഷം രൂപ വിലവരും. സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
കുറച്ചുനാളായി കസ്റ്റംസ് യൂണിറ്റിൽ വനിതാ ഇൻസ്പെക്ടർ ഇല്ലാതിരുന്നതിനാൽ സ്ത്രീ യാത്രക്കാരെ ദേഹപരിശോധന നടത്താൻ സാധിച്ചില്ല. കഴിഞ്ഞദിവസം വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ ചുമതലയേറ്റതോടെയാണ് വിദേശത്തുനിന്നെത്തുന്ന സ്ത്രീ യാത്രക്കാരെ ദേഹപരിശോധന നടത്തുന്നത്.