ഇടുക്കി ചിത്തിരപുരത്ത് വ്യാജമദ്യം കഴിച്ച് മൂന്നുപേര്‍ ആശുപത്രിയില്‍; രണ്ടുപേരുടെ കാഴ്ചയ്ക്ക് തകരാര്‍
ഇടുക്കി: ചിത്തിരപുരത്ത് വ്യാജമദ്യം കഴിച്ച മൂന്നു പേര് ആശുപത്രിയില്‍. ഇവരുടെ നില ഗുരുതരാണെന്ന് സൂചന. ഇവരില്‍ രണ്ടുപേരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാളെ അങ്കമാലിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് ഭാര്യ പരാതിപ്പെട്ടിട്ടുണ്ട്.
ചിത്തരപുരത്തെ സ്വകാര്യ ഹോംസ്റ്റേയില്‍ വെച്ചാണ് ഇവര്‍ വ്യാജ മദ്യം കഴിച്ചത്. ഹോംസ്റ്റേ ഉടമ തങ്കച്ചന്, സഹായി ജോബി, മനോജ് എന്നിവരാണ് മദ്യം കഴിച്ചത്. വാറ്റുചാരായമാണെന്നാണ് സൂചന. വെള്ളത്തൂവല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
തൃശ്ശൂര്‍ സ്വദേശിയായ മനോജും കുടുംബവും കഴിഞ്ഞ ഞായറാഴ്ച ഇവിടെ താമസിക്കാനെത്തിയിരുന്നു. ഇയാള്‍ കൊണ്ടുവന്ന മദ്യമാണ് ഹോം സ്റ്റേ ഉടമയും സഹായിയും ചേര്‍ന്ന് കഴിച്ചത്. തേനില്‍ ചേര്‍ത്ത് മദ്യം കഴിച്ച് കുറച്ചുസമയത്തിനുള്ളില്‍ ഇവരുടെ ആരോഗ്യ നില വഷളാവുകയായിരുന്നു.
ഇവരെ ഉടന്‍ തന്നെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്കച്ചന്, ജോബി എന്നിവരുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് ഇവരെ തിങ്കളാഴ്ച ഉച്ചയോടെ കോലഞ്ചേരി ആശുപത്രിയിലേക്ക് മാറ്റി.
മനോജ് അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. മനോജിന്റെയും ജോബിയുടെയും കണ്ണിന്റെ കാഴ്ചയ്ക്ക് കുഴപ്പമുണ്ടെന്നാണ് വിവരം. ഇവരില്‍ ഒരാളുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്.