20 രൂപയെ ചൊല്ലി തര്‍ക്കം:ഡല്‍ഹിയില്‍ യുവാവിനെ അടിച്ചുകൊന്നു; തടയാന്‍ ശ്രമിച്ച മകനെ വലിച്ചെറിഞ്ഞു
ന്യൂഡല്‍ഹി: 20 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ അക്രമികള്‍ അടിച്ചുകൊന്നു. പിതാവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച കൗമാരക്കാരനായ മകനെ അക്രമികള്‍ വലിച്ചെറിഞ്ഞു. ഉത്തര ഡല്‍ഹിയിലെ ബുരാരിയില്‍ വ്യാഴാഴ്ചയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് സന്തോഷ്, സരോജ് എന്നീ സഹോദരങ്ങളെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.
കുറ്റകൃത്യങ്ങളുടെ പേരില്‍ കുപ്രസിദ്ധമാണ് ബുരാരി. രൂപേഷ് (38) ആണ് കൊല്ലപ്പെട്ടത്. ഇവിടെ ഒരു സലൂണില്‍ ഷേവിംഗ് ചെയ്തതിന് 50 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ 30 രൂപ മാത്രമേ രൂപേഷിന്റെ കയ്യിലുണ്ടായിരുന്നുള്ളൂ. 20 രൂപ പിന്നീട് എത്തിച്ചു നല്‍കാമെന്ന് പറഞ്ഞെങ്കിലും പണത്തെ ചൊല്ലി കടയുടമകളായ സന്തോഷും സരോജും വഴക്കിടുകയും പ്ലാസ്റ്റിക് പൈപ്പുകൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച രൂപേഷിന്റെ 13കാരനായ മകനെ ഇവര്‍ വലിച്ചെറിഞ്ഞു.
മര്‍ദ്ദനം നാട്ടുകാര്‍ നോക്കിനിന്നതല്ലാതെ ആരും തടയാന്‍ ശ്രമിച്ചില്ലെന്ന് പോലീസ് പറഞ്ഞു. മര്‍ദ്ദനരംഗം വീഡിയോയില്‍ പകര്‍ത്തി പുറത്തുവിട്ട ആളെയും പോലീസ് തിരയുന്നുണ്ട്.