തിരുവനന്തപുരത്ത് കാര്‍ കലുങ്കിലിടിച്ച് മരിച്ചവരില്‍ ഒരാള്‍ കൊലക്കേസ് പ്രതി അപകടം മദ്യലഹരിയിൽ.
തിരുവനന്തപുരം: കാരേറ്റില്‍ കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് മറിഞ്ഞ് മരിച്ചവരിൽ ഒരാൾ കൊലക്കേസ് പ്രതി. കൊലപാതകം ഉള്‍പ്പെടെ ഇരുപത് കേസുകളില്‍ പ്രതിയായ കഴക്കൂട്ടം സ്വദേശി ലാല്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും അപ്രാണി ബിജും ഒക്കെ ഉള്‍പ്പെടുന്ന ഗുണ്ടാ സംഘത്തിലെ പ്രമുഖ അംഗമാണ് മരിച്ച ലാൽ. അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. മരിച്ചവരില്‍ ലാലും ഉള്‍പെട്ടതോടെ ഇവരുടെ യാത്രയെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കിളിമാനൂരിനും വെഞ്ഞാറമൂടിനും ഇടയിലെ കാരേറ്റില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് വഴിയരുകിലെ കലുങ്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വെഞ്ഞാറമൂട് സ്വദേശി ഷെമീര്‍, കടയ്ക്കല്‍ സ്വദേശി പീര്‍ മുഹമ്മദ് (സുൽഫി), കവടിയാര്‍ സ്വദേശി നജീബ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റു 3 പേർ. വെഞ്ഞാറമൂട് പാലാംകോണം സ്വദേശി നിവാസിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചു.
സുള്‍ഫി എന്ന് വിളിക്കുന്ന പീര്‍ മുഹമ്മദിന്റെ കടയ്ക്കലെ വീട്ടില്‍ ഒത്തുകൂടിയ ശേഷം മടങ്ങും വഴിയായിരുന്നു അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറില്‍ നിന്ന് മദ്യക്കുപ്പി ഉള്‍പ്പെടെ കണ്ടെടുത്തതിനാല്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകട കാരണമെന്നും കരുതുന്നു.