കോവിഡ് ആരോപിച്ച് ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചത് മൂന്ന് ആശുപത്രികള്‍: 14 മണിക്കൂര്‍ അലഞ്ഞ യുവതിയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, യുവതി മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യ.
മഞ്ചേരി: വയറുവേദനയുമായി എത്തിയ ഇരുപതുകാരിയായ പൂര്‍ണ്ണ ഗര്‍ഭിണിക്ക് കൊവിഡിന്റെ പേരില്‍ അടിയന്തര ചികിത്സ നിഷേധിച്ച് മൂന്ന് ആശുപത്രികള്‍. യുവതിയേയും കൊണ്ട് ഭര്‍ത്താവ് അലഞ്ഞത് 14 മണിക്കൂര്‍. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ നടന്ന സിസേറിയനില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചു. യുവതി തീവ്രപരിചരണ വിഭാഗത്തിലാണ്.കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയും മാദ്ധ്യമപ്രവര്‍ത്തകനുമായ എന്‍.സി.ഷെരീഫിന്റെ ഭാര്യ സഹ്ല തസ്നീമിന്റെ കുട്ടികളാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 4.30ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിയ യുവതിക്ക് ചികിത്സ ലഭ്യമായത് വൈകിട്ട് ആറിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ്. ഇതിനിടെ ചികിത്സ തേടി ഒരുസ്വകാര്യ ആശുപത്രി ഉള്‍പ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും ലഭിച്ചില്ല. പ്രസവ ചികിത്സയ്ക്ക് കൊവിഡ് ആന്റിജന്‍ പരിശോധനാഫലം അംഗീകരിക്കില്ലെന്നും, പി.സി.ആര് ഫലം വേണമെന്നും സ്വകാര്യ ആശുപത്രി അധികൃതരും നിര്‍ബന്ധം പിടിച്ചു.യുവതി നേരത്തെ കൊവിഡ് പോസിറ്റാവായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഈമാസം 15നാണ് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയത്.കൊവിഡ് പോസിറ്റീവായവര്‍ക്ക് മാത്രമാണ് അവിടെ ചികിത്സയെന്നും നെഗറ്റീവായതിനാല്‍ ചികിത്സിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മഞ്ചേരി മെഡിക്കല്‍ കോളേജധികൃതര്‍ അറിയിച്ചതായി ഭര്‍ത്താവ് ശരീഫ് പറഞ്ഞു. ബന്ധുക്കളുടെ ആവശ്യപ്രകാരം കോഴിക്കോട് കോട്ടപറമ്പിലെ സര്‍ക്കാര്‍ മാതൃശിശു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. 8.30ഓടെ ഡിസ്ചാര്‍ജ് ചെയ്തെങ്കിലും റഫര്‍ രേഖകള്‍ കിട്ടിയത് 11.45ന്. കഠിന വേദന നേരിടുന്ന യുവതിയെയും കൊണ്ട് മഞ്ചേരിയില്‍ നിന്ന് 48 കിലോമീറ്റര്‍ ദൂരമുള്ള കോട്ടപ്പറമ്പിലെത്തിയത് ഉച്ചയ്ക്ക് 1.35ന്. ഒ.പി സമയം കഴിഞ്ഞതിനാല്‍ ഗൈനക്കോളജി ഡോക്ടര്‍മാരില്ലെന്ന് ചൂണ്ടിക്കാട്ടി ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ഒ.പി സമയം കഴിഞ്ഞതിനാല്‍ കോഴിക്കോടും ഗൈനക്കുമാരുണ്ടാവാന് സാദ്ധ്യതയില്ലെന്നും മറ്റെവിടെയെങ്കിലും പോവാന്‍ പറ്റുമോയെന്നും ചോദിച്ചു. തുടര്‍ന്ന് കോഴിക്കോട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ചുചോദിച്ചപ്പോള്‍ വരാന്‍ പറഞ്ഞു. പാതിവഴിയിലെത്തിയപ്പോള്‍ തിരിച്ചുവിളിച്ച് ആര്.ടി.പി.സി.ആര് ഫലം വേണമെന്ന് നിര്‍ബന്ധം പിടിച്ചു. ഇതിനിടെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയെയും ബന്ധപ്പെട്ടെങ്കിലും അവരും കൈയൊഴിഞ്ഞു. പിന്നീട് മുക്കത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആന്റിജന്‍ ടെസ്റ്റിന് ശേഷം ചികിത്സ നല്കാന് ഇവര്‍ തയ്യാറായി. എന്നാല്‍ സ്കാനിംഗില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടതോടെ, വൈകിട്ട് ആറോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 5.30തോടെ നടന്ന സിസേറിയനിലാണ് രണ്ട് കുട്ടികളും മരിച്ചത്. ആശുപത്രികളുടെ നിലപാടിനെ തുടര്‍ന്ന് ഭാര്യ മാനസികമായി തകര്‍ന്നിരുന്നെന്ന് ഷരീഫ് പറഞ്ഞു. ചികിത്സ വൈകാനിടയായ കാരണങ്ങള്‍ അന്വേഷിക്കുമെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു.