മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം ഒക്ടോ. ഒന്നിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
കാസര്‍കോട്
മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം ഒന്നിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് വിശിഷ്ടാതിഥിയാകും. മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ അധ്യക്ഷയാകും. കോയിപ്പാടി, ഷിറിയ, ബങ്കര മഞ്ചേശ്വരം മത്സ്യഗ്രാമങ്ങളിലെ പതിനായിരത്തോളം പേര് തുറമുഖത്തിന്റെ ഗുണഭോക്താക്കളാകും.
48.80 കോടിയുടെ പദ്ധതി
മഞ്ചേശ്വരം തുറമുഖ പദ്ധതിയുടെ മൊത്തം ചെലവ് 48.80 കോടി രൂപയാണ്. 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. ഇതുവരെ 45.71 കോടി രൂപ ചെലവഴിച്ചു. പൂനെയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസേര്‍ച്ച് സ്റ്റേഷന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തുറമുഖം രൂപല്പന ചെയ്തിരിക്കുന്നത്. പുഴകള്‍ ഒന്നിച്ച് ചേരുന്ന അഴിമുഖത്താണ് പദ്ധതി നടപ്പാക്കിയത്. മുസോടി ഭാഗത്ത് 8.92 ഏക്കറും ഹൊസബെട്ടു ഭാഗത്ത് 2.85 ഏക്കറുമടക്കം 11.77 ഏക്കര്‍ സ്ഥലമാണ് നിര്‍മാണപ്രവര്‍ത്തികള്‍ക്കായി ഡ്രഡ്ജിങ് നടത്തിയത്.
മത്സ്യബന്ധനയാനങ്ങള്‍ക്ക് കരയ്ക്കടുപ്പിക്കുന്നതിന് ശാന്തമായ നൗകാശയം ലഭ്യമാക്കുന്നതിനായി യഥാക്രമം 490 മീറ്റര്‍, 530 മീറ്റര്‍ നീളത്തില്‍ പൊഴിയുടെ തെക്കും വടക്കുമായി രണ്ട് പുലിമുട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. 275 ബോട്ടുകള്‍ ഉപയോഗിക്കാനുള്ള സൗകര്യമാണ് വിഭാവനം ചെയ്തിട്ടുള്ളത്. യന്ത്രവല്‍കൃത ബോട്ടുകള്‍ക്കായി 80 മീറ്ററും ചെറുവള്ളങ്ങള്‍ അടുപ്പിക്കുന്നതിന് 20 മീറ്ററുമുള്‍പ്പെടെ 100 മീറ്ററിലുള്ള വാര്‍ഫും ലേലപ്പുരയും നിര്‍മിച്ചിട്ടുണ്ട്. അപ്രോച്ച് റോഡ്, പാര്‍ക്കിങ് ഏരിയ, ഗിയര്‍ ഷെഡ്, നെറ്റ് മെന്റിങ് ഷെഡ്, വര്‍ക്ക് ഷോപ്പ്, ഷോപ്പ് ബില്‍ഡിങ്, റെസ്റ്റ് ഷെഡ്, ടോയ്ലറ്റ് ബ്ലോക്ക്, ജലസംഭരണി, ഗെയ്റ്റ് ഹൗസ്, വൈദ്യുതീകരണം തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ഹാര്‍ബര്‍ എന്ജനിയറിങ് വകുപ്പ് ജില്ലയില്‍ രണ്ട് മത്സ്യബന്ധന തുറമുഖ പദ്ധതികളാണ് നടപ്പാക്കുന്നത്. മഞ്ചേശ്വരം തുറമുഖം പൂര്‍ത്തീകരിച്ചപ്പോള്‍ കാസര്‍കോട് മത്സ്യബന്ധന തുറമുഖം പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി പുലിമുട്ടിന്റെ നീളം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തി പുരോഗമിക്കുകയാണ്.