ഭാഗ്യലക്ഷ്മിയെ അഭിനന്ദിക്കുന്നു, പ്രതികരിച്ച രീതിയുടെ ശരിതെറ്റുകള്‍ പിന്നീട് പറയാം’; ശൈലജ ടീച്ചര്‍
തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല വീഡിയോകള്‍ ചെയ്യുന്ന വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിയെ അഭിനന്ദിക്കുന്നുവെന്ന് ആരോഗ്യ-ശിശുക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. പ്രതികരിച്ച രീതിയുടെ ശരിതെറ്റുകള്‍ പിന്നീട് പറയാമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. സ്ത്രീകളെ അപമാനിച്ച വിജയ് പി നായര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തന്റെ യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അപമാനിച്ച് വീഡിയോ ചെയ്യുന്ന വിജയ് പി നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയും കരിമഷി ഒഴിക്കുകയും ചെയ്തിരുന്നു. ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും വീഡിയോ ലൈവായി ഫേസ്ബുക്കിലിടുകയും ചെയ്തു. അയാളെക്കൊണ്ട് വീഡിയോയില്‍ മാപ്പു പറയിപ്പിക്കുന്നുമുണ്ട്.
തുടര്‍ന്ന് ഭാഗ്യലക്ഷ്മിയുടെ പരാതിയിന്മേല് വിജയ് പി നായര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അയാളുടെ പരാതിയിന്മേല് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഭാഗ്യലക്ഷ്മി, കവയത്രി സുഗതകുമാരി, രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി, കനക ദുര്‍ഗ്ഗ തുടങ്ങിയ നിരവധി സ്ത്രീകള്‍ക്കെതിരെയാണ് ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഇയാളുടെ അതിക്രമങ്ങള്‍ക്ക് ഇരയായ നിരവധിപേര്‍ സംസ്ഥാന ഡി ജി പിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.