രാഷ്ട്രീയ ഇടപെടല്‍ അതിരുവിട്ടു, സിബിഐയെ പുറത്താക്കിയത് മൂന്ന്
സംസ്ഥാനങ്ങൾ
ന്യൂഡൽഹി : കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളിലും സിബിഐയ്ക്ക് പ്രവേശനവിലക്ക്. ആന്ധ്രപ്രദേശിലും സിക്കിമിലും സിബിഐ ഇതേ സാഹചര്യം നേരിട്ടു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയതാൽപ്പര്യത്തിനായി സിബിഐ അന്യായ ഇടപെടല്‍ നടത്തിയെന്നുകാട്ടിയാണ് സംസ്ഥാനസർക്കാരുകളുടെ നടപടി.
ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട്(1946) പ്രകാരം രൂപീകരിച്ച സിബിഐയ്ക്ക് ഡൽഹിക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും പുറത്ത് അന്വേഷണം നടത്തണമെങ്കിൽ അതത് സംസ്ഥാനസർക്കാരുകളുടെ ‘പൊതു സമ്മതം’ അനിവാര്യമാണ്. സംസ്ഥാനസർക്കാരുകള്‍ ഇതിനായി കാലാകാലങ്ങളില്‍ പ്രത്യേക വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. എന്നാൽ, ജൂലൈ 20ന് രാജസ്ഥാൻ ‘പൊതു സമ്മതം’ പിൻവലിച്ചു. ഇനിമുതൽ സംസ്ഥാനം ആവശ്യപ്പെട്ടാലോ സുപ്രീംകോടതി–-ഹൈക്കോടതി വിധി പ്രകാരമോമാത്രമേ രാജസ്ഥാനിൽ സിബിഐയ്ക്ക് കേസ് അന്വേഷിക്കാനാകു. റെയ്ഡ് നടത്താന്‍ സംസ്ഥാനസർക്കാ രിന്റെ മുൻകൂർ അനുമതി വേണം. ഛത്തീസ്ഗഢിലും പശ്ചിമബംഗാളിലും ഇതേ സ്ഥിതിയാണ്. അനുമതി പിൻവലിക്കുംമുമ്പുള്ള കേസുകൾക്ക് നിയന്ത്രണം ബാധകമല്ല.
രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത് കോൺഗ്രസ് എംഎൽഎമാർക്ക് കോഴ വാഗ്ദാനം ചെയ്തെന്ന കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കുന്ന ഘട്ടം വന്നപ്പോഴാണ് സംസ്ഥാനം ‘പൊതു സമ്മതം’ പിൻവലിച്ചത്. 2018 നവംബറിൽ ശാരദ ചിട്ടിക്കേസില്‍ അന്നത്തെ കൊൽക്കത്ത സിറ്റി പൊലീസ് കമീഷണർ രാജീവ്കുമാറിനെ സിബിഐ ചോദ്യംചെയ്യാൻ തീരുമാനിച്ചപ്പോൾ ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചു. ഇത് മാനിക്കാതെ എത്തിയ സിബിഐ ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിബിഐയ്ക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി സമരം നയിച്ചു. സുപ്രീംകോടതിയിൽ പോയി അനുമതി വാങ്ങിയാണ് രാജീവ്കുമാറിനെ സിബിഐ ചോദ്യംചെയ്തത്. അന്വേഷണം എങ്ങുമെത്താതെ നീളുന്നു.
മോഡിസർക്കാർ സിബിഐയുടെ വിശ്വാസ്യത തകർത്തുവെന്ന് ആരോപിച്ചാണ് ഛത്തീസ്ഗഢ് 2019 ജനുവരിയിൽ ‘പൊതു സമ്മതം’ പിൻവലിച്ചത്. ആന്ധ്രപ്രദേശിലെ തെലുങ്കുദേശം സർക്കാർ 2018 നവംബറിലാണ് സിബിഐയെ പുറത്ത് നിര്‍ത്തിയത്. തുടർന്നുവന്ന സർക്കാർ ഇത് പിൻവലിച്ചു. സിക്കിമിൽ 2003ലും സിബിഐയെ വിലക്കി.