ബി.ജെ.പി. ദേശീയ ഭാരവാഹി പട്ടിക:
കുമ്മനം ഉൾപ്പെടെ ആരും അവഗണിക്കപ്പെട്ടിട്ടില്ല. കെ. സുരേന്ദ്രന്
തിരുവനന്തപുരം: എ.പി.അബ്ദുളളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി നിയമിച്ചത് ന്യൂനപക്ഷങ്ങളെ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണെന്നുളളത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്ന് ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ന്യൂനപക്ഷങ്ങളെ മാത്രമല്ല എല്ലാവരേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നവരാണ് ബി.ജെ.പി. ദേശീയ ഭാരവാഹികളുടെ പട്ടികയില്‍ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
ഓരോ ആളുകള്‍ക്കും എന്തുചുമതല നല്‍കണം എന്നുളളത് കേന്ദ്ര നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണ്. ഇവിടെ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ല. അവഗണിക്കപ്പെട്ടവരെന്ന് മാധ്യമങ്ങള്‍ പറയുന്നവരെ പാര്‍ട്ടി എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് കാത്തിരുന്ന് കാണാം. കുമ്മനം രാജശേഖരന് ഒരു ചുമതലയും വേണ്ടെന്ന് പറഞ്ഞ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. ഗവര്‍ണര്‍ പദവി വേണ്ടെന്ന് വെച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ആളാണ് അതുകൊണ്ട് അദ്ദേഹത്തെ പോലുളള ആളുകളെ പാര്‍ട്ടി പോസ്റ്റിന്റെ പേരില്‍ മാധ്യമങ്ങള്‍ അപമാനിക്കുന്നത് ശരിയല്ലെന്നും സംസ്ഥാനങ്ങളോട് അഭിപ്രായം ആരാഞ്ഞല്ല കേന്ദ്രനേതൃത്വം ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുകയെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ലൈഫ് മിഷന് പദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട പണം പോയിരിക്കുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും സുരേന്ദ്രന് ആരോപിച്ചു. ലൈഫ് മിഷനെ കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രി രോഷാകുലനാകുന്നത് അതുകൊണ്ടാണെന്നും സുരേന്ദ്രന് പറഞ്ഞു. സ്വപ്നയും ശിവശങ്കരനും മുഖ്യമന്ത്രിയും വിദേശ യാത്ര നടത്തിയതിന് ശേഷം, പ്രളയത്തിന് ശേഷം കേരളത്തിലേക്ക് ധാരാളം പണം വന്നിട്ടുണ്ട്. എന്‍.ഐ.എ, ഇ.ഡി. തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പല കേസുകളുമായും ബന്ധമുളള കേസാണ് ലൈഫ് മിഷന് തട്ടിപ്പ്. എഫ്.സി.ആര്.എ. ചട്ടം ലംഘിച്ചത് ലൈഫ് മിഷനില്‍ മാത്രമല്ലെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യമായിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പണം വന്നിട്ടുണ്ടെന്നും വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിക്കുവേണ്ടി വന്ന പണം ഏത് അക്കൗണ്ടിലേക്കാണോ പോയത് ആ അക്കൗണ്ടിലേക്ക് വേറെയും പണം വന്നിട്ടുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു.
വനിതകള്‍ക്ക് നീതി ലഭിക്കാന്‍ നിയമം കൈയിലെടുക്കേണ്ട സ്ഥിതിയാണ് കേരളത്തിലിന്നുളളതെന്ന് തിരുവനന്തപുരത്ത് ഇന്നലെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ വിജയ് എന്നയാളെ കൈയേറ്റം ചെയ്തതിനെ പരാമര്‍ശിച്ചുകൊണ്ട് സുരേന്ദ്രന് പറഞ്ഞു.