മാറാട് കേസ് ഇഴയുന്നു; പിന്നിൽ ബിജെപി – മുസ്ലിംലീഗ് രഹസ്യധാരണയെന്ന് സിപിഎം മുഖപത്രം
തിരുവനന്തപുരം : മാറാട് കൂട്ടക്കൊല ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം ഇഴയുന്നതിനുപിന്നിൽ ബിജെപി –- മുസ്ലിംലീഗ് രഹസ്യധാരണയെന്ന് സിപിഎം മുഖപത്രം
അന്വേഷണം തുടങ്ങി മൂന്നുവർഷമായിട്ടും ആരോപണവിധേയനായ ലീഗ് നേതാവിനെ ചോദ്യംചെയ്യാൻപോലും സിബിഐ തയ്യാറായിട്ടില്ലെന്നാണ് ദേശാഭിമാനി റിപ്പോർട്ട്.
വാർത്ത ഇങ്ങനെ: അന്വേഷണം ലീഗിലേക്ക് നിങ്ങുമെന്നായപ്പോൾ ബിജെപി നേതൃത്വം മരവിപ്പിക്കാൻ നിർദേശിക്കുകയാണെന്നാണ് ആരോപണം. ലോക്ഡൗൺ കാരണമാണ് അന്വേഷണം നിലച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ, മറ്റ് കേസുകളിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. ലീഗ് നേതാവിനെ ചോദ്യംചെയ്യാൻ അന്വേഷണ സംഘം പദ്ധതി തയ്യാറാക്കിയെങ്കിലും മുകളിൽനിന്ന് അനുമതി ലഭിച്ചില്ല. ഇതിനായി ലീഗിന്റെ ഉന്നത നേതൃത്വവും ബിജെപി നേതൃത്വവും കോഴിക്കോട്ടും ഡൽഹിയിലും കൂടിക്കാഴ്ചനടത്തി. സിബിഐയെ രാഷ്ട്രീയ പ്രേരിതമായി ബിജെപി–- യുഡിഎഫ് കൂട്ടുകെട്ട് ഉപയോഗിക്കുന്നതിന് മികച്ച തെളിവാണ് മാറാട് കൂട്ടക്കൊല ഗൂഢാലോചന കേസിലെ ഈ അട്ടിമറി ശ്രമം.
കണ്ണീരുണങ്ങാത്ത മാറാട്
2002 ജനുവരിയിലും 2003 മെയിലുമാണ് മാറാട് കടപ്പുറത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ കലാപം നടന്നത്. 2003ലെ കലാപത്തിൽ ഒമ്പതുപേർ മരിച്ചിരുന്നു. ഇതിനു പിന്നിൽ ഗൂഢാലോചനയും സാമ്പത്തിക ഇടപാടും നടന്നതായി തോമസ് പി ജോസഫിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണ കമീഷൻ കണ്ടെത്തി. സിബിഐ, സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് എന്നിവയുടെ അന്വേഷണം വേണമെന്നായിരുന്നു റിപ്പോർട്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച ജുഡീഷ്യൽ അന്വേഷണ കമീഷൻ 2006 ഫെബ്രുവരിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും ഗൂഢാലോചന നടന്നതായി കണ്ടെത്തി.
കഴിഞ്ഞ എൽഡിഫ് സർക്കാരാണ് കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. എന്നാൽ, കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചില്ല. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വന്നശേഷവും സിബിഐ വന്നില്ല. മാറാട് കലാപത്തെ വലിയ പ്രചാരണവിഷയമാക്കിയ സംഘപരിവാർ വിഷയം കൈവിട്ടു. ഒടുവിൽ കോടതിയുടെയും എൽഡിഎഫ് സർക്കാരിന്റെയും ശക്തമായ സമ്മർദത്തെതുടർന്ന് ഗത്യന്തരമില്ലാതെ കേസ് ഏറ്റെടുക്കാമെന്ന് ഹൈക്കോടതിയെ സിബിഐ അറിയിക്കുകയായിരുന്നു.