ചങ്ങനാശ്ശേരി എം എൽ എ സി എഫ് തോമസ് അന്തരിച്ചു
തിരുവല്ല : ചങ്ങനാശേരി എംഎൽഎയും മുതിർന്ന കേരളാ കോൺഗ്രസ് എം നേതാവുമായ സി എഫ് തോമസ് (81) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും നിലവിലെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാനുമാണ്.
1980 മുതല്‍ ഒമ്പത് തവണയായി ചങ്ങനാശേരിയില്‍ നിന്ന് എംഎല്‍എയാണ്. എ കെ ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ അംഗമായിരുന്നു.കെഎസ്യുവിലൂടെയാണ് സി എഫ് തോമസിന്റെ രാഷ്ട്രീയ പ്രവേശനം. വിമോചന സമരത്തിലുൾപ്പെടെ പങ്കെടുത്തു. കേരളാ കോൺഗ്രസിന്റെ രൂപീകരണത്തോടെ പാർടി മാറി. തുടക്കം മുതൽ കെ എം മാണിക്കൊപ്പം അടിയുറച്ച് നിന്നു. മാണിയുടെ മരണശേഷം പി ജെ ജോസഫ് വിഭാഗത്തിനൊപ്പം ചേർന്നു.
1939 ജൂലൈ 30ന് ചങ്ങനാശേരി ചെന്നിക്കര സി ടി ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനായി നായിരുന്നു ജനനം. എസ്ബി കോളജിൽ നിന്ന് ബിരുദവും എൻഎസ്എസ് ട്രെയിനിംഗ് കോളജിൽ നിന്ന് ബിഎഡും നേടി. തുടർന്ന് ചമ്പക്കുളം സെന്റ് മേരിസ് സ്കൂളിലും ചങ്ങനാശേരി എസ്ബി സ്കൂളിലും അധ്യാപകനായി. 1980ൽ എംഎൽഎ ആകുംവരെ 18 വർഷക്കാലം അധ്യാപകനായിരുന്നു. മങ്കൊമ്പ് പരുവപ്പറമ്പിൽ കുടുംബാംഗമായ കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവരാണ് മക്കൾ. മരുമക്കൾ: ലീന,ബോബി, മനു.