കോൺഗ്രസ് സമരം ആളിക്കത്തിച്ച നേതാവായ മകനിൽനിന്ന് കോവിഡ് ബാധിച്ച അച്ഛന് ദാരുണ മരണം, അമ്മയും ആശുപത്രിയിൽ
തൃശൂർ :ആൾക്കൂട്ട അക്രമ സമരത്തിനിറങ്ങിയ കോൺഗ്രസ് പുത്തൂർ മണ്ഡലം സെക്രട്ടറിയിൽനിന്ന് കോവിഡ് ബാധിച്ച് അച്ഛൻ മരിച്ചു. ഒല്ലൂരിലെ പുത്തൂർ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ ഷിജു തേറാട്ടിലിന്റെ (സിജു) അച്ഛൻ വാറുണ്ണി (69)യാണ് വെള്ളിയാഴ്ച മരിച്ചത്. ഷിജുവിന്റെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കോവിഡ്വ്യാപനം കണക്കിലെടുക്കാതെ നിരവധി ആൾക്കൂട്ട സമരങ്ങളിൽ ഇയാൾ പങ്കെടുത്തിരുന്നു. സമരങ്ങളിൽ പങ്കെടുത്തവർ കോവിഡ് ടെസ്റ്റ് നടത്തരുതെന്ന ഡിസിസി രഹസ്യനിർദേശമുള്ളതിനാൽ രോഗലക്ഷണം ഉണ്ടായിട്ടും പുറത്തറിയിച്ചില്ല. ആരും അറിയാതിരിക്കാൻ സ്വന്തം വീടിനുപകരം കോർപറേഷൻ പരിധിയിലുള്ള തറവാട്ട് വീട്ടിലേക്ക് മാറിത്താമസിച്ചു. ഇതോടെയാണ് കോവിഡ് ഹൈറിസ്ക് കാറ്റഗറിയിൽപ്പെട്ട അച്ഛനും അമ്മയ്ക്കും രോഗം പകർന്നത്.
എന്നാൽ, രോഗം മൂർച്ഛിച്ചതോടെ മരണഭയംകൊണ്ട് ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പിന്നാലെ കോവിഡ് ബാധിച്ച് വാറുണ്ണിയെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഷിജുവിനൊപ്പം സമരത്തിനിറങ്ങിയ കെഎസ്യു ജില്ലാ സെക്രട്ടറി വി എസ് ഡേവിഡിനും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ആൽജോ ചാണ്ടിക്കും രോഗമുണ്ട്. ഇവരെക്കൂടാതെ നൂറോളം പ്രവർത്തകർക്ക് രോഗബാധയുള്ളതായാണ് വിവരം.