ബിനീഷ് കേസിൽ ഡി വൈ എഫ് ഐക്ക് ഒന്നും പറയാനില്ല,
ഇപ്പോൾ നടക്കുന്നത് കോലീബി സഖ്യവും കേന്ദ്ര ഏജൻസിയും തമ്മിലുള്ള ഒത്തുകളി അഡ്വ. എ എ. റഹീം.
കൊച്ചി: ബിനിഷ് കോടിയേരിക്കെതിരായ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ ഡി.വൈ.എഫ്.ഐ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള ആർ.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതിയാണ് ഇപ്പോൾ നടക്കുന്നതെന്നും, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ഈ അട്ടിമറിക്ക് കോൺഗ്രസ് കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.’സംസ്ഥാന സർക്കാരിനെതിരെ ആർ.എസ്.എസും കോൺഗ്രസും പരാതി നൽകിയത് ഒരുമിച്ചാണ്. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും അനിൽ അക്കരയും പരാതികൾ നൽകിയ ഉടൻ നടപടി ഉണ്ടായി. എന്നാൽ ടൈറ്റാനിയം കേസിൽ സംസ്ഥാനം അന്വേഷണം ആവശ്യപ്പെട്ടിട്ട് ഇതുവരെ നടപടി ഉണ്ടായില്ല. എല്ലാ പരാതികളും കേന്ദ്രം അന്വേഷിക്കുമെങ്കിൽ എന്തുകൊണ്ടാണ് വി. മുരളീധരനും അനിൽ നമ്പ്യാർക്കുമെതിരെ നടപടി ഉണ്ടാവാത്തത്’- അദ്ദേഹം ചോദിച്ചു.ഇടതു പക്ഷ വേട്ടയ്ക്കായി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും ആദ്ദേഹം ആരോപിച്ചു. അതോടൊപ്പം ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലൻസ് സെക്രട്ടേറിയറ്റിൽ പരിശോധന നടത്തിയട്ടില്ലെന്നും, ഫയൽ ആവശ്യപ്പെട്ട് കത്ത് നൽകുകയും ഒരു ഉദ്യോഗസ്ഥൻ പോയി വാങ്ങുകയുമാണ് ചെയ്തതെന്നും. ഇതിനെയാണ് വിജിലൻസ് റെയ്ഡായി വ്യഖ്യാനിക്കുന്നതെന്നും റഹീം വിമർശിച്ചു.