ലൈഫിൽ മുഖ്യമന്ത്രിയുള്‍പ്പെടെ അന്വേഷണ പരിധിയില്‍ വരും ; സിബിഐ വരുമ്പോള്‍ യു.ഡി.എഫിന് ആത്മവിശ്വാസം ; ഇടതുമുന്നണിക്ക് ചങ്കിടിപ്പ്
തിരുവനന്തപുരം: സ്വര്‍ണ്ണകടത്ത് കേസിലെ അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍ ലൈഫ് മിഷനില്‍ അന്വേഷണത്തിന് സി.ബി.ഐ രംഗത്തിറങ്ങിയത് യു.ഡി.എഫിന് ആത്മവിശ്വാസവും ഇടതുമുന്നണിക്ക് ആശങ്കയുമേറ്റുന്നു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന പ്രചരണത്തിന് യു.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്നതാണ് ഈ തീരുമാനം. എന്നാല്‍ ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിട്ടുള്ളത്.
ലൈഫ് മിഷനിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കാതിരിക്കാനാണ് ചാടിക്കയറി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന പ്രതിപക്ഷ ആരോപണത്തിനും കരുത്തുപകരുന്നതാണ് സി.ബി.ഐയുടെ നീക്കം. ഇതിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ നീക്കം പ്രതിപക്ഷം ശക്തമാക്കുകയും ചെയ്യും.
ലൈഫ് മിഷനില്‍ അന്വേഷണം വരുമ്പോള്‍ തെറ്റുചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും മുഖ്യമന്ത്രിയുള്‍പ്പെടെ സി.ബി.ഐയുടെ അന്വേഷണത്തില്‍ ഉള്‍പ്പെടേണ്ടിവരുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. ലൈഫ് മിഷന്റെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ്. മന്ത്രി എ.സി. മൊയ്തീന് ഉപാധ്യക്ഷനുമാണ്.
അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമ്പോള്‍ വിവരങ്ങള്‍ അറിയുന്നതിന് മൊഴിയെടുക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും മുഖ്യമന്ത്രിയെ സി.ബി.ഐ വിളിച്ചുവരുത്തുമ്പോള്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് ഇതില്പരം നല്ലൊരു ആയുധം ലഭിക്കാനുമില്ല.
അതുകൊണ്ടുതന്നെ വിഷയം സജീവമായി നിലനിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മാത്രമല്ല, സര്‍ക്കാരിന്റെ ഏറ്റവും വലിയ അഭിമാനപദ്ധതിയാണ് ലൈഫ്. അത് പൊതുസമൂഹത്തിലുണ്ടാക്കിയ പ്രതികരണവും ശക്തമാണ്. അതിനെ ശക്തമായി ആക്രമിക്കാന്‍ ഇതുതന്നെയാണ് അവസരമെന്നാണു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ ഇതിന്റെ പിന്നില്‍ രാഷ്ട്രീയ നീക്കമാണെന്നാണ് സി.പി.എം സംശയിക്കുന്നത്. കഴിഞ്ഞദിവസം ശിവശങ്കറെ ചോദ്യം ചെയ്തതോടെ സ്വര്‍ണകടത്ത് കേസ് ഏകദേശം അന്തിമഘട്ടത്തിലെത്തിയതാണ്. സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്കാതിരിക്കാന് കഴിയാത്ത സാഹചര്യത്തിലാണ് എന്‍.ഐ.എ എത്തിയിട്ടുള്ളത്. അത് മനസിലാക്കികൊണ്ടാണ് തൊട്ടടുത്തദിവസം തന്നെ സി.ബി.ഐയെ രംഗത്തിറക്കിയതെന്നാണ് സി.പി.എമ്മിന്റെ വാദം.
ഈ കേസില്‍ സര്‍ക്കാരിനെയോ മുഖ്യമന്ത്രിയോ സി.ബി.ഐക്ക് ഒന്നും ചെയ്യാനാവില്ലെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സി.ബി.ഐക്ക് കഴിയും. മാത്രമല്ല, എന്‍.ഐ.എക്ക് വിരുദ്ധമായി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കഴിയുന്ന അന്വേഷണ ഏജന്‍സിയുമാണ് സി.ബി.ഐ എന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.