ബി ജെ പി പ്രസിഡന്റിന് ഗൺമാൻ; കേരളാ പോലീസിന്റെ സുരക്ഷ വേണ്ടെന്ന് സുരേന്ദ്രൻ
സംസ്ഥാനത്ത് പുതിയ ഗൺമാൻ വിവാദം.
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് ഗൺമാനെ അനുവദിക്കാൻ തീരുമാനം. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്റലിജൻസ് തീരുമാനം. കോഴിക്കോട് റൂറൽ എസ്.പിക്ക് ഇന്റലിജൻസ് എ.ഡി.ജി.പി ഇതു സംബന്ധിച്ച് നിർദേശം നൽകി. സുരക്ഷയ്ക്കായി പൊലീസുകാരെ അടിയന്തരമായി നിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.അതേസമയം സുരക്ഷ സംബന്ധിച്ച് തനിക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ എ.ആർ ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ച് താങ്കർ എവിടെയാണെന്നും അങ്ങോട്ടേക്ക് രണ്ട് ഉദ്യോഗസ്ഥരെ വിടാമെന്നും അറിയിച്ചിരുന്നു. തനിക്ക് സുരക്ഷ തരാനാണോ വേറെന്തെങ്കിലും ഉദ്ദേശമുണ്ടോയന്ന് ആർക്കറിയാമെന്നും സുരേന്ദ്രൻ ചോദിച്ചു.സംസ്ഥാന സർക്കാരിന്റെ സുരക്ഷ സ്വീകരിക്കാൻ തത്ക്കാലം താൻ ഉദേശിക്കുന്നില്ല. കേരള പൊലീസ് തനിക്കെതിരെ നടത്തിയ നീക്കങ്ങൾ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. കേരള പൊലീസിന്റെ സുരക്ഷയിൽ തനിക്ക് വിശ്വാസമില്ല. കേരളത്തിലെ ജനങ്ങളിലാണ് വിശ്വാസം. സുരക്ഷ ഭീഷണി ഗൗരവമായി കാണുന്നില്ലെന്നും രാഷ്ട്രീയ പ്രവർത്തനത്തിൽ ഇതൊക്കെ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.