ആദൂരിലെ അനധികൃത ക്വാറികളില്‍ റെയ്ഡ്, പിടിച്ചെടുത്തത് 60ലക്ഷം ചെങ്കല്ലുകളും ചെമ്മണ്ണും. കൂടുതൽ റെയ്ഡിനൊരുങ്ങി വിജിലൻസ്.
കാസര്‍കോട്: ക്വാറികളുണ്ടാക്കി അനധികൃതമായി ചെങ്കല്ലുകളും മണലും കുഴിച്ചെടുത്തു കടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് കേരള അതിര്‍ത്തിയിലെ വിവിധ ചെങ്കല്‍ പണകളില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. കാറഡുക്ക പഞ്ചായത്തിലെ ആദൂര്‍ വില്ലേജില്‍ മിഞ്ചിപദവില്‍ ക്വാറികളില്‍ വിജിലന്‍സ് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണനും സംഘവും നടത്തിയ പരിശോധനയില്‍ അനധികൃതമായി മുറിച്ചെടുത്തതായി കണ്ടെത്തിയ 55.94 ലക്ഷം ചെങ്കല്ലുകളും 25340 ക്യൂബിക് മീറ്റര്‍ സ്ഥലത്തെ ചുകന്ന മണ്ണും പിടിച്ചെടുത്തു.
67128 ക്യൂബിക് മീറ്റര്‍ സ്ഥലത്തുനിന്നാണ് ചെങ്കല്ലുകള്‍ കുഴിച്ചെടുത്തിരിക്കുന്നത്. ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് യാതൊരുവിധ അനുമതിയും വാങ്ങാതെയും സര്‍ക്കാരിലേക്ക് റോയല്‍റ്റി അടക്കാതെയും പ്രവര്‍ത്തിച്ചു വന്നായിരുന്ന ചെങ്കല്‍ പണകളിലാണ് വിജിലന്‍സ് സംഘം എത്തിയത്. എല്‍.എസ്.ജി.ഡി അസി. എക്സികുട്ടീവ് എന്‍ജിനിയര്‍ സുനില്‍കുമാര്‍, വിജിലന്‍സ് എസ്.ഐ കെ. രമേശന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുഭാഷ് ചന്ദ്രന്, സി.കെ രഞ്ജിത്ത്, ടി. കൃഷ്ണന് എന്നിവരും ഡിവൈ എസ് പിയുടെ സംഘത്തിലുണ്ടായിരുന്നു.