ലൈഫ് മിഷന്: സി.ബി.ഐ കേസിനുപിന്നാലെ സെക്രട്ടേറിയറ്റില്‍ നിന്ന് വിജിലന്‍സ് സംഘം ഫയലുകള്‍ കടത്തിയെന്ന്.
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ സെക്രട്ടേറിയറ്റില്‍ നിന്നുള്ള ഫയലുകള്‍ വിജിലന്‍സ് സംഘം കടത്തിയതായി റിപ്പോര്‍ട്ട്. ഇന്നലെ വൈകിട്ടോടെയാണ് വിജിലന്‍സ് സംഘം തദ്ദേശ ഭരണ വകുപ്പിന്റെ ഓഫീസില്‍ എത്തി ഫയലുകള്‍ മാറ്റിയത്.
ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ ഇന്നലെയാണ് റിപ്പോർട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. യുണിടെക് ഓഫീസില്‍ അടക്കം പരിശോധന നടത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. സെക്രട്ടേറിയറ്റില്‍ പരിശോധന അനിവാര്യമാണെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയെ അറിയിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് സന്ധ്യയോടെ വിജിലന്‍സ് സംഘം സെക്രട്ടേറിയറ്റില്‍ എത്തിയത്. തദ്ദേശ ഭരണ വകുപ്പിലെ ഓഫീസ് അടച്ച് പോയ ജീവനക്കാരെ തിരിച്ചുവിളിച്ചാണ് വിജില്ന്സ് സംഘം ഫയലുകള്‍ എടുത്തത്. രാത്രി എട്ടു മണിയോടെയാണ് സംഘം മടങ്ങിയത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കടലാസ് ഫയലുകളും ഇ-ഫയലുകളുമുണ്ട്. ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ കൂടുതലും കടലാസ് ഫയലുകളിലാണെന്നാണ് സൂചന.
വിദേശ സഹായ നിയന്ത്രണ നിയമം പ്രകാരമാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. ചട്ടങ്ങള്‍ മറികടന്നാണ് റെഡ് ക്രസന്റില്‍ നിന്ന് സഹായം കൈപ്പറ്റിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. അനില്‍ അക്കര എം.എല്‍.എയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി യൂണിറ്റിന് പരാതി നല്‍കിയിരുന്നത്. സി.ബി.ഐ അന്വേഷണത്തിനുള്ള തീരുമാനം വരുന്നതിനു രണ്ടു ദിവസം മുന്‍പാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് തീരുമാനിച്ചത്. വിജിലന്‍സ് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് വിനോദ് കുമാറിനെതിരെ ആരോപണവും പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
ഫയലുകള്‍ സി.ബി.ഐയ്ക്ക് വിജിലന്‍സ് വിട്ടുനല്കിയില്ലെങ്കില് അത് മറ്റൊരു നിയമപോരാട്ടത്തിന് വഴിവച്ചേക്കും. പെരിയ ഇരട്ടക്കൊലക്കേസിലെ വിശദാംശങ്ങള്‍ ഇതുവരെ സി.ബി.ഐയ്ക്ക് കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല.