കർണാടക യെല്ലാപൂരിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് നാലു മലയാളികൾ മരിച്ചു
ബംഗളൂരു: വടക്കൻ കർണാടക യെല്ലാപൂരിൽ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു. മുംബൈയിൽനിന്ന് കാറിൽ നാട്ടിലേക്ക് തിരിച്ച എറണാകുളം തൃപ്പൂണിത്തുറ കൊടംകുളങ്ങര എസ്.എം.പി റോഡ് ഗോകുലം വീട്ടിൽ പത്മജാക്ഷി അമ്മ (86), ഇവരുടെ മൂത്തമകനും മുംബൈയിൽ റെയിൽവേ റിട്ട. ജീവനക്കാരനുമായ ഹരീന്ദ്രനാഥ് നായർ (62), ഇളയമകനും ഡൽഹിയിൽ താമസക്കാരനുമായ രവീന്ദ്രനാഥ് നായർ (58), രവീന്ദ്രനാഥിെൻറ ഭാര്യ പുഷ്പ ആർ. നായർ (54) എന്നിവരാണ് മരിച്ചത്.
യെല്ലാപുർ കിരാവത്തി ദേശീയപാത 63ൽ വ്യാഴാഴ്ച ൈവകീട്ട് ആറരയോടെയാണ് അപകടം. ഇവർ സഞ്ചരിച്ച കാർ േലാറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്ഥലത്തുതന്നെ മരിച്ചു.
ഡൽഹി മെഹ്റോളിയിൽ താമസിച്ചിരുന്ന രവീന്ദ്രനാഥ് നായരും ഭാര്യ പുഷ്പയും നാട്ടിലേക്ക് താമസം മാറുന്നതിെൻറ ഭാഗമായി കാറിൽ ബുധനാഴ്ച മുംബൈ, ഗോരേഗാവ് ഫിലിം സിറ്റിക്കടുത്ത് പ്രകതി ഹൗസിങ് സോസൈറ്റിയിലെത്തി തങ്ങിയശേഷം മാതാവ് പത്മജാക്ഷി അമ്മയെയും സഹോദരൻ ഹരീന്ദ്രനാഥിനെയും കൂട്ടി വ്യാഴാഴ്ച രാവിലെ ആറിന് നാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വീട്ടു സാധനങ്ങൾ നേരത്തെ നാട്ടിലേക്ക് അയച്ചിരുന്നു.
ചരക്കുലോറിയുമായി നേർക്കുനേർ കൂട്ടിയിടിച്ചതിെൻറ ആഘാതത്തിൽ കാറിെൻറ മുൻവശം പാടേ തകർന്നു. യെല്ലാപൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
അപകട വിവരമറിഞ്ഞ് ബന്ധുക്കൾ സ്ഥലത്തെത്തി. ചെന്നൈയിൽ ബിസിനസുകാരനായ സുരേന്ദ്രനാഥ് നായർ ആണ് പത്മജാക്ഷിയമ്മയുടെ മറ്റൊരു മകൻ. മരിച്ച ഹരീന്ദ്രനാഥ് നായർ, രവീന്ദ്രനാഥ് നായർ എന്നിവർക്ക് രണ്ടു പെൺമക്കൾ വീതമാണുള്ളത്.
യെല്ലാപുർ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.