പാലത്തായി ഉയർത്തി ആള്‍ക്കൂട്ട സമരം: പാനൂരില്‍ 6 മുസ്ലീം ലീഗുകാര്‍ക്ക് കോവിഡ്ചങ്കിടിച്ച് പ്രമുഖ നേതാക്കൾ.
പാനൂർ: പാലത്തായി പീഡനക്കേസിന്റെ പേരിൽ മുസ്ലിംലീഗ് പെരിങ്ങത്തൂരിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നടത്തിയ ആൾക്കൂട്ട സമരത്തിൽ പങ്കെടുത്ത ആറുപേർക്ക് കോവിഡ്. സമരം മൂന്നുദിവസമുണ്ടായിരുന്നു. ലീഗ് പാനൂർ നഗരസഭാ ജനറൽ സെക്രട്ടറിക്കും മറ്റ് അഞ്ചുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 25 പേർക്കാണ് പെരിങ്ങത്തൂരിലും പരിസര പ്രദേശങ്ങളിലുമായി വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുവയസ്സുള്ള കുഞ്ഞും 60 വയസ് കഴിഞ്ഞവരുമുണ്ട്.
ലീഗിന്റെ ജില്ല, -മണ്ഡലം നേതാക്കൾ സമരപ്പന്തലിൽ എത്തിയിരുന്നു. ഇവരിൽ പലരും പാനൂരിൽ നടന്ന, എം കെ മുനീറും കെ എം ഷാജിയും പങ്കെടുത്ത മറ്റൊരു പരിപാടിയിലും സംബന്ധിച്ചു.
ആൾക്കൂട്ടസമരത്തിൽ പങ്കെടുത്ത പ്രധാന നേതാക്കൾ ഉൾപ്പെടെയുള്ളവർ പരിശോധനയ്ക്ക് തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച യൂത്ത് ലീഗ് പ്രാദേശിക നേതാവ് സമരത്തിലുടനീളം പങ്കെടുത്തതാണ് രോഗവ്യാപനത്തിന് കാരണമെന്നും പറയുന്നു.