ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു വാർത്ത പുറത്തു വന്നത് സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് ചേരാനിരിക്കെ.
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡിയുടെ കൊച്ചി ഓഫീസ് ആണ് കേസെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച രേഖ മാതൃഭൂമി ന്യൂസ് പുറത്തു വിട്ടു.
ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രജിസ്ട്രേഷന് വകുപ്പിന് നല്കിയ കത്താണ് മാതൃഭൂമി ന്യൂസിന് ലഭിച്ചത്. ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ഈ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. യുഎപിഎ വകുപ്പിന്റെ 16,17,18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി സംശയിക്കുന്നതായും അതിനാല്‍ ഇദ്ദേഹത്തിന്റേതായി കണ്ടെത്തുന്ന ആസ്തിവകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ബിനീഷ് കോടിയേരിയെ ഈ മാസം ഒന്‍പതിന് ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച അന്വേഷണത്തില്‍, വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യുഎഇ എഫക്ട്സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചു എന്നും ഈ കമ്പനിയുടെ ഡയറക്ടറാണ് ബിനീഷ് എന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. വിദേശത്തുനിന്നുള്ള പണമിടപാട് സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യല്‍. ഇതിനെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് വിവരം.
അതേസമയം ഇന്ന് എ കെജി സെന്ററിൽ സിപിഎം സംസ്ഥാന കമ്മിറ്റി ചേരാനിരിക്കെയാണ് സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ കേന്ദ്ര ഏജൻസി കേസെടുത്തത്. ഇതും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. ഇന്നലെ സിബിഐ ലൈഫ് മിഷൻ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ബിനീസിനെതിരെ കേസെടുത്ത് സിപിഎമ്മിനെ വീണ്ടും സമ്മർദത്തിലാക്കിയത്. ബിനീഷിനെതിരെ വന്ന കേസിൽ ഇനിയുള്ള ദിവസങ്ങളിൽ കേരള രാഷ്ട്രീയം കൂടുതൽ
പ്രക്ഷുബ്ധമാകും