നീലേശ്വരം: തൈക്കടപ്പുറത്ത് പതിനാറുകാരി പീഡനത്തിനിരയായ സംഭവത്തിൽ പോക്സോ ചുമത്തപ്പെട്ട കാഞ്ഞങ്ങാട്ടെ രണ്ട് വനിതാ ഡോക്ടർമാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യമനുവദിച്ചു.
കാഞ്ഞങ്ങാട് അരിമല ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ: അംബുജാക്ഷി, കൊവ്വൽപ്പള്ളി ലക്ഷ്മി മെഗാൻ ആശുപത്രിയിലെ സ്കാനിംഗ് വിദഗ്ധ ഡോ: ശീതൾ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
ഗർഭിണിയായ പതിനാറുകാരി പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയത് ഡോക്ടർ അംബുജാക്ഷിയാണ്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പോലീസിന് മുന്നിൽ മറച്ചുവെച്ചതായിരുന്നു പെൺകുട്ടിയെ സ്കാനിംഗ് നടത്തിയ ഡോ. ശീതൾ ചെയ്ത കുറ്റം.
ഇരുവർക്കുമെതിരെ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസ്സെടുത്തതോടെ, ഡോക്ടർമാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അന്വേഷണോദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന ഹൈക്കോടതി നിർദ്ദേശപ്രകാരം ഡോക്ടർമാർ ഇരുവരും, കഴിഞ്ഞ ദിവസം നീലേശ്വരം എസ്ഐ, കെപി. സതീഷ്കുമാറിന് മുമ്പാകെ ഹാജരായി. രണ്ട് പേരുടെ ആൾ ജാമ്യത്തിൽ ഡോക്ടർമാരെ പോലീസ് വിട്ടയച്ചു.
കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാനാവാത്തതിനാൽ മറ്റു പ്രതികളും ജാമ്യത്തിനായുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്.